പ്രളയ സഹായം; അനർഹർക്ക് പലതവണ; നീതി തേടി അർഹരായവർ

കോഴിക്കോട് താലൂക്കില്‍ ഒന്നേകാല്‍ കോടിയോളം രൂപ പ്രളയ സഹായ ഫണ്ട് കെട്ടിക്കിടക്കുമ്പോള്‍  സാധാരണക്കാരായ ഒട്ടേറെ പേര്‍ക്ക് ഇനിയും സഹായം കിട്ടിയിട്ടില്ല. അനര്‍ഹരായ പലര്‍ക്കും പലതവണ അക്കൗണ്ടില്‍ പണമെത്തിയപ്പോള്‍ അര്‍ഹരായവര്‍ ഇപ്പോഴും ഒാഫീസുകള്‍ കയറിയിറങ്ങുകയാണ്.  ആയിരത്തി ഒരുനൂറോളം പേര്‍ക്ക് പ്രളയസഹായ ഫണ്ട് രണ്ട് തവണ കൊടുത്തു, ഒരുകോടി പതിനേഴ് ലക്ഷം രൂപ ആര്‍ക്കും കൊടുക്കാതെ ട്രഷറിയില്‍ ബാക്കിയിട്ടിരിക്കുന്നു. ചിലര്‍ ബന്ധുക്കളുടെ പേരില്‍ ഫണ്ട് തട്ടിയെടുത്തു. ഇതെല്ലാം ചെയ്ത ഉദ്യോഗസ്ഥര്‍ ഇനിയുള്ള കാഴ്ചകള്‍ കൂടി കാണണം 

ഭര്‍ത്താവ് മരിച്ച ജാനു വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പതിനായിരം രൂപ ഇവര്‍ക്ക് വലിയ തുകയാണ്. ജാനു മാത്രമല്ല, ഒാഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞവര്‍ ചാത്തമംഗലത്ത് ഇനിയുമുണ്ട്  ഏത് ഒാഫീസില്‍ പോയാലും പണം അക്കൗണ്ടില്‍വരുമെന്ന ഒറ്റ മറുപടി മാത്രം. വീട് മുങ്ങിയവര്‍  ഒാഫീസ് കയറിയിറങ്ങുമ്പോള്‍‌ മുറ്റത്ത് പോലും വെള്ളം കയറാത്തവര്‍ക്ക് ഒന്നും രണ്ടും തവണ സഹായം കിട്ടിയെന്നും ഇവര്‍ പറയുന്നു  പ്രളയസഹായ വിതരണത്തിലെ വീഴ്ച പുറത്തുവന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് നീതി ലഭ്യമാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.