സ്വരാജിന്റെ വിജയത്തിനായി സി.പി.ഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ല; സി.പി.എം വിമര്‍ശനം

തിരഞ്ഞെടുപ്പു പരാജയത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനൊപ്പം ഘടക കക്ഷികള്‍ക്കും സി.പി.എം വിമര്‍ശനം. തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്റെ വിജയത്തിനായി സി.പി.ഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം സി.പി.എം ജില്ലാ നേതൃത്വം ഉന്നയിച്ചു. പെരുമ്പാവൂരിലെ തോല്‍വി മുന്‍നിര്‍ത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.സി. മോഹനനെതിരെയെടുത്ത നടപടി കുറഞ്ഞുപോയെന്ന അതൃപ്തി കേരളാകോണ്‍ഗ്രസും ഉന്നയിച്ചു. 

അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര, ത‍‍പ്പൂണിത്തുറ, പിറവം, പെരുമ്പൂവൂര്‍ മണ്ഡലങ്ങളില്‍ ചുമതലയിലുണ്ടായിരുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച സി.പി.എം ജില്ലാകമ്മറ്റിയോഗത്തിലാണ് സി.പി.ഐയ്ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നത്. ത‍ൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉദയംപേരൂരില്‍ അഞ്ചുബൂത്തുകളില്‍ സി.പി.ഐയുടെ പിന്തുണ ലഭിച്ചില്ലെന്ന് യോഗത്തില്‍ ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനോട് ജില്ലാ നേതാക്കള്‍ നേരിട്ടുപറഞ്ഞു.  നേതാക്കള്‍ക്കെതിരെയുള്ള നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസും രംഗത്തെത്തി. പെരുമ്പാവൂരിലെ തോല്‍വിക്കിടവരുത്തിയ എന്‍.സി മോഹനനെിരെയുള്ള നടപടി പരസ്യശാസനയില്‍ മാത്രം ഒതുക്കിയതിലാണ് കേരളാ കോണ്‍ഗ്രസിന്റെ അനിഷ്ടം.

വിശദീകരണം തൃപ്തികരമെന്ന പേരില്‍ തൃപ്പൂണിത്തുറ ഏരിയാസെക്രട്ടറി പി.വാസുദേവന്‍, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി പി.എം. സലിം, മുന്‍ എം.എല്‍.എ സാജു പോള്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി ലഘൂകരിച്ചതിലും അത‍ൃപ്തിയുണ്ട്.