'അസ്ഥികൂടമാണ് കിട്ടുന്നതെങ്കിലും എന്റെ ഗ്രാമത്തിൽ കൊണ്ട് പോകണം'; കരൾ പിളരും വേദന

ആഷിഖുലിന്റെ മൃതദേഹം മൂർഷിദാബാദിൽ എത്തിച്ചപ്പോൾ

സാമ്പത്തിക തർക്കത്തിന്റെ പേരിൽ പണിക്കിടെ സുഹൃത്ത് ചുറ്റികയ്ക്ക് അടിച്ച് കൊന്ന ആഷിഖുൽ ഇസ്​ലാമിന്റെ മൃതദേഹം മൂർഷിദാബാദിൽ എത്തിച്ചു. പെരുവളത്തുപറമ്പിൽ വച്ചാണ് ആഷിഖുൽ കൊല്ലപ്പെട്ടത്. രണ്ട് മാസമായി ഉപ്പയും ഉമ്മയും ആഷിഖുലിന്റെ ഭാര്യയും മക്കളും തീ തിന്ന് കഴിയുകയാണെന്നും കഫൻ ചെയ്ത രൂപമെങ്കിലും കാണിക്കാൻ സഹായിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ഗ്രാമം ഒന്നിക്കുകയായിരുന്നു. അസ്ഥികൂടം മാത്രമാണ് കിട്ടുന്നതെങ്കിൽ പോലും അത് ഗ്രാമത്തിൽ കൊണ്ടു പോകണമെന്ന സഹോദരന്റെ കരൾ പിളർന്നുള്ള വാക്കുകൾ ഇരിക്കൂറുകാരുടെയും കണ്ണ് നിറച്ചു.

 മൂർഷിദാബാദ് വരെ മൃതദേഹം എത്തിക്കാനുള്ള ഒരു ലക്ഷത്തോളം രൂപ ഒരു മണിക്കൂറിനുള്ളിൽ ഉദാരമതികൾ സമാഹരിച്ചു. പൊലീസ് നടപടികളും പൂർത്തിയാക്കി മൃതദേഹവുമായി സഹോദരങ്ങൾ മടങ്ങി. മൂവായിരത്തോളം കിലോമീറ്റർ താണ്ടി സഹോദരങ്ങൾ മൃതദേഹവുമായി ചെന്നപ്പോൾ ഒരു ഗ്രാമം മുഴുവൻ കണ്ണീരോടെ നിന്നു. അവശേഷിച്ച ശരീരഭാഗങ്ങൾ കഫൻ ചെയ്ത് കബറടക്കി.