'തിരിച്ച് വരും; മോശം കൂട്ടുകെട്ടൊന്നുമില്ലത്ത കുട്ടിയാണവൻ'; കണ്ണീർ തോരാതെ ശിൽപ

'അവനൽപ്പം ടെൻഷനിലായിരുന്നു. മോശം കൂട്ടുകെട്ടൊന്നുമില്ല. അക്കൗണ്ടിലെ പൈസ നഷ്ടപ്പെട്ടല്ലോ എന്ന മനഃപ്രയാസമായിരിക്കും. അവൻ തിരിച്ചുവരും'..അമലിനെ കാണാതായ ശേഷം മാധ്യമങ്ങളോടും പൊലീസിനോടും അമ്മ ശിൽപ പറഞ്ഞതാണിത്. മനസ് മാറി മകൻ മടങ്ങി വരുമെന്ന് ഇക്കഴിഞ്ഞ ആറുമാസവും അവർ കാത്തിരുന്നു. പത്താംക്ലാസിൽ മുഴുവൻ എപ്ലസ് വാങ്ങിയതിന് ലഭിച്ച ക്യാഷ് അവാർഡുകളും സ്കോളർഷിപ്പും കൂട്ടിവച്ചാണ് അച്ഛനും അമ്മയും ചേർന്ന് അമലിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയത്.

എടിഎം കാർഡ് കൈകാര്യം ചെയ്തിരുന്നത് അമൽ തന്നെയാണ്. എന്നാൽ, തന്റെ കാർഡ് തകരാറിലായെന്ന് അമൽ അമ്മയോടു പറയുന്നതു ഫെബ്രുവരി പാതിയോടെയാണ്. ജനുവരി പകുതി വരെ 12,600 രൂപ അക്കൗണ്ടിലുണ്ടായിരുന്നു. കാർഡ് നന്നാക്കാൻ ഒന്നിച്ചു ബാങ്കിലെത്തിയ ശേഷം തന്നെ ഒറ്റയ്ക്കാക്കി മകൻ പോയത് എവിടേക്കെന്നറിയാതെ ഈ അമ്മ കണ്ണീരോടെ കാത്തിരുന്നു.

ഏതോ ഓൺലൈൻ ഗെയിം കളിക്കാനായി അമൽ അക്കൗണ്ടിൽ നിന്നു പണം വിനിയോഗിച്ചുവെന്ന നിഗമനത്തിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കാണാതാകുന്നതിന് ആഴ്ചകൾക്കു മുൻപാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 2 വട്ടമായി തുക പിൻവലിക്കപ്പെട്ടത്. ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷൻ വഴിയായിരുന്നു ഇത്. പക്ഷേ, അമലിനു സ്വന്തമായി ഫോൺ ഉണ്ടായിരുന്നില്ല. ദുരൂഹതകൾ ബാക്കിയാക്കി അമലിന്റെ മൃതദേഹം കണ്ടെത്തിയതോടെ നടുക്കത്തിലാണ് കുടുംബം.