മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഉടന്‍ തുറക്കണം; ഇടപെട്ട് മന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഉടന്‍ തുറക്കണമെന്ന് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉറപ്പ് നല്‍കി. മാലിന്യം നീക്കി പുത്തരിക്കണ്ടം മൈതാനവും പാര്‍ക്കിങ് സജ്ജമാക്കും. മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് ഇടപെടല്‍. 

അഞ്ചരക്കോടി മുടക്കി പണിത് ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും പ്രവര്‍ത്തനം തുടങ്ങാതെ നോക്കുകുത്തിയാണ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം. ഉടന്‍ തുറക്കാനാണ് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ നിര്‍ദേശം.

പാര്‍ക്കിങ് കേന്ദ്രത്തിന് തടസമായിരുന്ന ഫയര്‍ഫോഴ്സ് എന്‍.ഒ.സി ലഭിച്ചു. അതിനാല്‍ ഉടന്‍ തുറക്കുമെന്ന് മേയറും തലസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ക്കിങ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ട പുത്തരിക്കണ്ടത്തെ ദയനീയാവസ്ഥയാണ് മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയ മറ്റൊന്ന്. അവിടെയും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു ഉറപ്പ്.