ലത്തീഫ് തുറയൂര്‍ എംഎസ്എഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ സംഘടനാപദവി ഒഴിഞ്ഞേയ്ക്കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് രാജിവയ്ക്കാനുള്ള നീക്കം. വിവാദമായ സംസ്ഥാന സമിതിയോഗത്തിന്‍റെ മിനിറ്റ്സ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ലത്തീഫ് വിഭാഗം തള്ളി. 

ഹരിതയുടെ പരാതി ഉയര്‍ന്നുവന്ന സമയം മുതല്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനും കൂട്ടര്‍ക്കുമെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും സംഘവും സ്വീകരിച്ചത്. ഒപ്പം ചിലരുടെ പ്രവൃത്തി എംഎസ്എഫിന് വലിയ നാണക്കേടായെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. ഹരിത സംസ്ഥാന സമിതിയെ പിരിച്ചുവിട്ട സമയത്തും വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ആരോപണം ഉന്നയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ലത്തീഫ് തുറയൂരിനെതിരെ നടപടിയ്ക്ക് നേതൃത്വം ഒരുങ്ങുന്നത്. എന്നാല്‍ നടപടി മുന്നില്‍ കണ്ട് ഒരുമുഴം മുന്നേ എറിയാനാണ് ലത്തീഫിന്‍റെ നീക്കം. പുറത്താക്കല്‍ പ്രഖ്യാപനം വരുന്നതിന് മുമ്പ് വലിയൊരു സംഘം പ്രവര്‍ത്തകരുമായി രാജി വയ്ക്കാനാണ് ആലോചന. അതിനിടെ വിവാദമായ എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിന്‍റെ മിനിറ്റസ്് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കി.

ജൂണ്‍ 22 ന് കോഴിക്കോട് നടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചത്.  എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും മിനിറ്റ്സ് ഹാജരാക്കുമെന്നും ലത്തീഫ് മറുപടി നല്‍കി. ചെമ്മങ്ങാട് പൊലിസാണ് മിനിറ്റ്സ് ഹാജരക്കാണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.