ഡ്രൈവിങ് സീറ്റിലേക്ക്; അലൈൻമെന്റ് ശരിയാക്കി കോൺഗ്രസ് വണ്ടിയോടിക്കാൻ സിപി

പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു തൊടുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ എത്തിയ സി.പി മാത്യുവിനെ പൊലീസ് നീക്കം ചെയ്യുന്നു (ഫയൽ ചിത്രം).

തൊടുപുഴ: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ ചോദ്യശരങ്ങളുമായി ഒറ്റയ്ക്ക് കയറിച്ചെന്ന അതേ വീര്യത്തോടെയാണു സി.പി. മാത്യു ജില്ലാ കോൺഗ്രസിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറുന്നത്. നാലു വശത്തേക്കും പായുന്ന ടയറുകൾ പോലെ ലക്ഷ്യമില്ലാതെ ചലിക്കുന്ന പാർട്ടി സംവിധാനത്തെ നേർരേഖയിലാക്കുക എന്നതാവും ആദ്യ ലാപ്പിലെ കടമ.  പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വലിയ തിരിച്ചടിയിൽ നിന്ന് കോൺഗ്രസിനെ കരകയറ്റേണ്ടതും വെല്ലുവിളിയായി മുന്നിലുണ്ട്. 

ജില്ലയിൽ ഒരു എംഎൽഎ പോലുമില്ലാത്ത കോൺഗ്രസിന് ഊർജം നൽകുക എന്നതും വലിയ രാഷ്ട്രീയ കടമ്പയാണ്. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ എസ്.അശോകനെ പിന്തള്ളിയാണ് അറുപത്തൊൻപതുകാരനായ സി.പി.മാത്യു ഡിസിസി അധ്യക്ഷനായിരിക്കുന്നത്. 1969ൽ ന്യൂമാൻ കോളജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായിട്ടാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കെഎസ്‌യു തൊടുപുഴ താലൂക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

1978 മുതൽ 4 വർഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. തുടർന്ന് 4 വർഷം സംസ്ഥാന സെക്രട്ടറിയായി. 1989ൽ ഡിസിസി ജനറൽ സെക്രട്ടറി. 2008ലാണ് കെപിസിസി നിർവാഹക സമിതി അംഗമായത്. നിലവിൽ പീരുമേട് നിന്നുള്ള കെപിസിസി അംഗമാണ്. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലും പഠനം നടത്തി. എസ്.അശോകനെ അധ്യക്ഷനാക്കുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ടത്. എന്നാൽ, അതിനെതിരെ ചില യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഒടുവിൽ അവസാന നിമിഷം സിപിയെ തേടി ഊഴമെത്തി.