കല്യാണ നാടകം; കിടപ്പറയിൽ രഹസ്യ ക്യാമറ, ഹണിട്രാപ്പ്: ദമ്പതികളുൾപ്പെടെ കുടുങ്ങി

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും കവർന്ന കേസിൽ‍ 2 പേരെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ‍ ഉൾപ്പെടെ നാലുപേരെ‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരിട്ടി മുഴക്കുന്നിലെ പി.സി.അഷ്‌റഫ് (50), കാസർകോട് കുമ്പള കോയിപ്പാടി പെർവാഡ് കടപ്പുറത്തെ അബ്ദുൽ ഹമീദ് മുസ്‌ലിയാർ (41) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വ്യവസായിയായ അബ്ദുൽ സത്താറിനെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.  അഷ്‌റഫ് കല്യാണ ബ്രോക്കര്‍ ആണ്. പരാതിക്കാരനായ അബ്ദുൽ സത്താറിന്, കേസിലെ പ്രധാന പ്രതിയായ സാജിദയുടെ വിവാഹാലോചന കൊണ്ടുവന്നത് അഷ്‌റഫ് ആയിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച് പ്രതികൾ കല്യാണ നാടകം നടത്തിയത്.  

ദമ്പതികളായ ഉമ്മറും ഫാത്തിമയും സാജിദയെ മകൾ ആണെന്നാണ് സത്താറിന് പരിചയപ്പെടുത്തിയത്. അബ്ദുൽ ഹമീദ് മുസ്‍ലിയാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തട്ടിപ്പാണെന്ന് അറിഞ്ഞ് വിവാഹത്തിന് കൂട്ടു നിന്നതാണ് ഇദ്ദേഹത്തിന് എതിരെയുള്ള കുറ്റം. അബ്ദുൽ ഹമീദ് ആറുവർഷം മുൻപ് സ്വർണത്തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ്.  വിവാഹം നടത്തിയ ശേഷം ഇരുവരെയും കൊവ്വൽ പള്ളിയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചു. കിടപ്പറയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ പകർത്തി. ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

3.75‍ ലക്ഷം രൂപയും ഏഴര പവൻ സ്വർണവും സത്താർ സംഘത്തിന് ആദ്യം നൽകിയിരുന്നു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ അറസ്റ്റിലായ സാജിദ കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണൻ പറഞ്ഞു.