ചെക്പോസ്റ്റിൽ ഇരുന്നത് വിജിലൻസ്; എത്തിയ ‘പിരിവ്’ 1600 രൂപ, മുന്തിരി, പപ്പായ, മാങ്ങ

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ ആർടിഒ ചെക്പോസ്റ്റിൽ, മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഇരുന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ കൈയിലേക്കു വന്നു വീണതു നൂറിന്റെയും അമ്പതിന്റെയും നോട്ടുകൾ. ഇങ്ങനെ ചെക്പോസ്റ്റിൽ ഇന്നലെ രാവിലെ 6നും 10നും ഇടയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്കു കിട്ടിയ ‘പിരിവ്’ 1600 രൂപ. ഓപറേഷൻ ഭ്രഷ്ട് നിർമൂലനിലാണ്, ഇതടക്കം ഒട്ടേറെ ക്രമക്കേടുകൾ ആർടിഒ ചെക്പോസ്റ്റിൽ വിജിലൻസ് കണ്ടെത്തിയത്. ചെക്പോസ്റ്റിൽ പൂജാമുറി ഒരുക്കിയതായും ൈദവങ്ങളുടെ ഫോട്ടോ വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ലോറി ഡ്രൈവർമാർ സമ്മാനിച്ചതായി കരുതുന്ന 2 കെട്ട് മുന്തിരി, 2 പപ്പായ, മാങ്ങകൾ എന്നിവയും കണ്ടെത്തി. ഇന്നലെ രാവിലെ 6ന് ചെക്പോസ്റ്റിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക്, തത്സമയം ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിൽ അധിക തുകയൊന്നും കണ്ടെത്താനായില്ല. റജിസ്റ്ററിൽ രേഖപ്പെടുത്തിയ തുക മാത്രമാണു 2 ഉദ്യോഗസ്ഥരുടെയും കൈയിലുണ്ടായിരുന്നത്.

ഇതോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ 4 വിജിലൻസ് ഉദ്യോഗസ്ഥർ ചെക്പോസ്റ്റിനകത്തിരുന്നു. സംഘത്തിലെ മറ്റുള്ളവർ കോവിഡ് നിരീക്ഷണ സ്ക്വാഡ് എന്ന വ്യാജേനെ അൽപം മാറി നിന്നു ചെക്പോസ്റ്റ് വീക്ഷിച്ചു. ഇതോടെയാണു ചെക്പോസ്റ്റിലെ കള്ളക്കളികൾ വ്യക്തമായത്. ഡ്രൈവർമാർ അൽപം അകലെ ലോറി നിർത്തി ചെക്പോസ്റ്റിനടുത്തേക്കു വരും. വലിയ ലോറിയാണെങ്കിൽ 100 രൂപയും ചെറിയ ലോറിയാണെങ്കിൽ 50 രൂപയും ഉദ്യോഗസ്ഥർക്കു നൽകും.

ധൃതിയിൽ മടങ്ങും. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇതു വാങ്ങാൻ മടിച്ചപ്പോൾ പകരം പണം വാങ്ങിവച്ചതു വിജിലൻസുകാരാണെന്നു മാത്രം. പരിശോധന നിർത്തി മടങ്ങാനൊരുങ്ങുന്നതിനിടെ, ഒരു ഡ്രൈവർ ഓടിയെത്തി, 50 രൂപ വിജിലൻസ് ഉദ്യോഗസ്ഥരുടെ കൈയിൽ ചുരുട്ടിക്കൊടുത്ത്, ധൃതിയിൽ തിരിച്ചു പോയി.

എന്തിനാണ് ഇങ്ങനെ പണം നൽകുന്നതെന്നു വിജിലൻസ് ഉദ്യോഗസ്ഥർ ഡ്രൈവർമാരോടു ചോദിച്ചപ്പോൾ, ‘നിങ്ങൾ പുതിയ ആൾക്കാരാണല്ലേ, ഇതാണ് ഇവിടുത്തെ രീതി’ എന്നായിരുന്നു ലോറി ഡ്രൈവർമാരുടെ പ്രതികരണം. 100 രൂപയുടെ 9 നോട്ടുകളും 50 രൂപയുടെ 14 നോട്ടുകളുമാണു 4 മണിക്കൂറിനിടെ ചെക്പോസ്റ്റിൽ ലഭിച്ച ‘പിരിവെ’ന്നും ഈ സമയത്തിനിടെ ഒന്നോ രണ്ടോ പേർ മാത്രമാണു വാഹനത്തിന്റെ രേഖകൾ സഹിതം വന്നതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, ഗ്രേഡ് എസ്ഐമാരായ കെ.വി. മഹീന്ദ്രൻ‍, ജയപ്രകാശ്, എഎസ്ഐമാരായ ശ്രീജിത്, നിജേഷ്, രാജേഷ്, സീനിയർ സിപിഒമാരായ സുനോജ്കുമാർ, നിതേഷ്, മുണ്ടേരി എച്ച്എസ്എസ് അധ്യാപകൻ വിനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.