അതിർത്തി കടക്കാതെ പാലും പഴവും പച്ചകറികളും; നിയന്ത്രണത്തിൽ വലഞ്ഞ് ഡ്രൈവർമാർ

അതിര്‍ത്തി കടന്നെത്തുന്ന പാല്‍ പച്ചക്കറി ലോറികളുടെ  എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും കേരളത്തിലേക്ക്  വരാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതുമാണ് അവശ്യസാധന വരവ് കുറയാന്‍ കാരണം. പൊതുവിപണിയില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേരളത്തില്‍ നിന്ന് ലോറികള്‍ വിട്ട് ലോഡ് എടുക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍ 

കേരളത്തിലെ പതിനേഴ് ചെക്കുപോസ്റ്റുകളിലൂടെ വ്യാഴാഴ്ച വന്നത് വെറും നാല്‍പത് പാല്‍വണ്ടികള്‍. കഴിഞ്ഞമാസം ഇതേസമയം എത്തിയത് 109 എണ്ണം. 1005  പച്ചക്കറി ലോറികളുടെ സ്ഥാനത്ത് 453 എണ്ണം. പഴങ്ങളുടെ വരവ് പകുതിയായി കുറഞ്ഞു. 329 ലോഡ് അരി വന്നിരുന്നിടത്ത് 89 ലോഡാണ് കിട്ടിയത്. എണ്ണയെത്തിയത് മൂന്നുലോഡ് മാത്രം. കേരളത്തില്‍ ലോഡ് ഇറക്കി തിരിച്ചെത്തുന്ന വാഹനങ്ങള്‍ അതിര്‍ത്തി കടത്തിവിടാത്തതാണ് ഇവിടേക്ക് വരുന്നതില്‍ നിന്ന് ഇതരസംസ്ഥാന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം കോണ്‍വോയ് അടിസ്ഥാനത്തില്‍ ലോറികള്‍ വിട്ട് ലോ‍ഡ് എടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ 

സപ്ലൈകോയും സമാനമായ പ്രതിസന്ധിയിലാണ്. കടല ഉഴുന്ന് ചെറുപയര്‍,തുവര തുടങ്ങിയവ നാഫെഡില്‍ നിന്ന് ഒാര്‍‍ഡര്‍ ചെയ്തെങ്കിലും എത്തിക്കാന്‍ മാര്‍ഗമില്ല. ഭക്ഷ്യധാന്യലഭ്യത ഉറപ്പുവരുത്താനാകാത്തതിനാല്‍ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എന്ന ആശയവും എളുപ്പമാകില്ല