ചെക്ക്പോസ്റ്റ് കടക്കാൻ ഉദ്യോഗസ്ഥർക്ക് കരിക്കും പണവും; വിഡിയോ

കാസർകോട് തലപ്പാടിയിൽ ആർടിഒ ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ടായിരം രൂപയും ഏജന്റിന്റെ കൈവശത്തുനിന്ന് 16,280 രൂപയും പിടിച്ചെടുത്തു. ബന്തടുക്ക സ്വദേശിയായ നാരായണനാണ് ഏജന്റ്. ഇയാളുടെ കൈവശമുള്ള തുക ഉദ്യോഗസ്ഥർക്ക് വീതിച്ചു കൊടുക്കാനുള്ളതാണെന്ന് വിജിലൻസ് സംഘം പറഞ്ഞു. തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിലാണ് ഈ ഏജന്റ് താമസിച്ചിരുന്നത്. ഫോറസ്റ്റ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ആർടിഒ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ പണം പിരിക്കുന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതിനിടെ ചെക്പോസ്റ്റ്‌ കടക്കാൻ വാഹനയുടമകൾ ആർടിഒ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് കരിക്ക് അടക്കം കൊടുക്കുന്ന ദൃശ്യങ്ങള്‍ സംഘം പകര്‍ത്തിയിട്ടുണ്ട്