മണ്ണിടിച്ചിൽ ഭീഷണി; നാടുകാണി ചെക്പോസ്റ്റ് വീണ്ടും ആനമറിയിലേക്ക്

മണ്ണിടിച്ചിൽ ഭീഷണിയെ തുടര്‍ന്ന് മലപ്പുറം നാടുകാണി ചുരത്തിലെ പൊലീസ് ചെക്ക്പോസ്റ്റ് വഴിക്കടവ് ആനമറിയിലേക്ക് മാറ്റി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്നാട് അതിർത്തിയിലെ നാടുകാണിയിൽ സ്ഥാപിച്ച ചെക്കുപോസ്റ്റാണ് മാസങ്ങള്‍ക്കുളളില്‍ മാറ്റേണ്ടി വന്നത്. ചെക്കുപോസ്റ്റിന്റെ  എതിര്‍വശത്ത് ചെങ്കുത്തായി നിൽക്കുന്ന വനമേഖല വിണ്ടു കീറി നില്‍ക്കുകയാണ്. മഴ ശക്തമായാല്‍ മണ്ണിനൊപ്പം വൻ മരങ്ങളും 

കടപുഴകി താഴേക്കു പതിക്കും. ചെക്കുപോസ്റ്റിനു സമീപത്തെ ഒരു മരം കഴിഞ്ഞ ദിവസം വീണിരുന്നു. ചെക് പോസ്റ്റിന്റെ 50 മീറ്റർ അകലെ സംസ്ഥാന അതിർത്തിയിൽ വൻതോതിലാണ് നേരത്തെ മണ്ണിടിച്ചിലുണ്ടായത്. അപകട ഭീഷണി നിലനില്‍ക്കുന്നതുകൊണ്ടാണ് ചെക്ക്പോസ്റ്റ് വഴിക്കടവിന് അടത്ത ആനമറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

ലോക് ഡൗണിന് മുന്‍പും വഴിക്കടവ് ആനമറിയിലായിരുന്നു ചെക്ക്പോസ്റ്റ്.  സംസ്ഥാന അതിർത്തി കടന്ന് കാട്ടിലെ കുറുക്കു വഴികളിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിയതോടെയാണ് നാടുകാണിയിലേക്ക് മാറ്റിയത്. വനമേഖലയിൽ കെട്ടിയുണ്ടാക്കിയ താൽകാലിക ഷെഡിലായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ പ്രളയകാലത്ത് നാടുകാണി ചുരം ഇടിഞ്ഞ് ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. അന്ന് യാത്രക്കാരില്‍ പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.