വേർപാട് ഉൾകൊള്ളാനാവുന്നില്ല; അപ്രതീക്ഷിത വിയോഗത്തിൽ പകച്ച് കുടുംബങ്ങൾ

മാനസയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് മാനസയുടെ വീട്ടുകാർ. രക്ഷിതാക്കളേയും സഹോദരനെയും ആശ്വസിപ്പിക്കാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്. മകൻ നഷ്ടപ്പെട്ട വേദനയിലാണ് രഖിലിന്റെ വീട്ടുകാർ. ഇന്ന് രാത്രിയോടെ കണ്ണുരിലെത്തിക്കുന്ന മൃതദേഹങ്ങൾ നാളെ സംസ്കരിക്കും.

കണ്ണൂർ നാറാത്തെ മാനസയുടെ രക്ഷിതാക്കൾക്കും സഹോദരനും ബന്ധുക്കൾക്കും മരണവാർത്ത പൂർണമായും ഉൾക്കൊള്ളാൻ ഇതുവരെയും സാധിച്ചിട്ടില്ല. ദുരന്തമറിഞ്ഞ് ഇന്നലെ മുതൽ നിരവധി പേരാണ് വീട്ടിലെത്തിക്കൊണ്ടിരിക്കുത്. മാനസയുടെയും രക്ഷിതാക്കളുടെയും സുഹൃത്തുക്കളും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തി.  ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി, സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയവരും വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേർന്നു.

രാത്രിയോടെ കണ്ണൂരിൽ എത്തിക്കുന്ന മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിക്കും. നാളെ രാവിലെയാണ് സംസ്കാരം.