മരിച്ചെന്ന് കരുതിയ ആളെ തേടി സഹോദരങ്ങളെത്തി; കണ്ണുനിറച്ച് സനേഹസംഗമം

നാലരപതിറ്റാണ്ട് മുന്‍പ് വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ കൊല്ലം സ്വദേശിയെ സജാദ് തങ്ങളെ തേടി സഹോദരങ്ങളെത്തി. മുംബൈ പന്‍വേലിലെ ആശ്രമത്തില്‍ കഴിയുന്ന സജാദിനെ ഉടന്‍ മടക്കികൊണ്ടുപോകും. നാല്‍പത്തി അഞ്ച് വര്‍ഷം കണ്ണീരോട് കാത്തിരുന്ന ഉമ്മയെ കണ്ട് മാപ്പ് പറയാനാണ് സജാദ് കാത്തിരിക്കുന്നത്. മരിച്ചെന്ന് കരുതിയ ജേഷ്ഠന്‍ സജാദ് തങ്ങളെ നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നോക്ക്  കണ്ട അനിയന്‍ മുഹമ്മദ് കുഞ്ഞിന് സന്തോഷമടക്കാനായില്ല. മുംബൈ പന്‍വേലിലെ സീല്‍ ആശ്രമത്തില്‍ വണ്ടിയിറങ്ങിയ ഉടന്‍ അടുത്തെത്തി നാലരപതിറ്റാണ്ട് കൂട്ടിവെച്ച സ്നേഹാലിംഗനം പകര്‍ന്നു.

പുറകെ ആനന്ദചുംബനങ്ങളുമായി ഇളയ സഹോദരന്‍ അബ്ദുള്‍ റഷീദും സഹോദരീപുത്രന്‍ എം.ജെ.സലീമും. മധുരം കൈമാറി അരനൂറ്റാണ്ടിനടുത്ത് അനുഭവിച്ച കണ്ണീര്‍ കയിപ്പിന് വിരാമമിട്ടു.  1976 ഒക്ടോബര്‍ 12ന് നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാന ദുരന്തത്തില്‍ സജാദ് തങ്ങളും മരിച്ചുവെന്നാണ് ബന്ധുക്കള്‍ ഈയടുത്തുവരെ കരുതിയത്. പ്രവാസിയായിരുന്ന സജാദ് അബുദാബിയില്‍ സംഘടിപ്പിച്ച ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുത്ത് മടങ്ങിയ കലാകാരന്‍മാരുള്‍പ്പെടെ 95 പേരാണ് അപകടത്തില്‍ മരിച്ചത്. മുംബൈയില്‍നിന്ന് ചെന്നൈക്ക് പറന്ന ആ വിമാനത്തില്‍ പോകേണ്ടിയിരുന്ന സജാദിന് പക്ഷെ യാത്ര അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്നു. പകരം പറന്ന സുഹൃത്തും കൊല്ലപ്പെട്ടു. വിമാനദുരന്തത്തിന്റെ ഞെട്ടലില്‍ വിഷാദരോഗിയായി മാറിയ സജാദ് വീട്ടിലേക്കും പിന്നീട് വിളിച്ചില്ല. 2019 നവംബറില്‍ മലയാളികള്‍ നടത്തുന്ന പന്‍വേലിലെ സീല്‍ ആശ്രമത്തിലെത്തിപ്പെടുന്നത് വരെ മുംബൈയില്‍ അഞ്ജാതവാസം. അടുത്തിടെ ശാസ്താംകോട്ടയിലെത്തിയ ആശ്രമം മാനേജറാണ് ഇദേഹത്തിന് കുടുബാംഗങ്ങളിലേക്കുള്ള വഴിയൊരുക്കിയത്. ഉമ്മയെ കാണണം, നാലരപ്പതിറ്റാണ്ട് മാറിനിന്നതിന് മാപ്പ് പറയണം സഹോദരങ്ങളെ കണ്ടശേഷം സജാദ് തങ്ങള്‍ മനസുതുറന്നു.

91 വയസുള്ള ഉമ്മ ഫാത്തിമ ബീവി ശാസ്താംകോട്ടയിലെ പടനിലം തെക്കേതില്‍ വീട്ടില്‍ മകനായി കാത്തിരിക്കുന്നുണ്ട്. നാലരപ്പതിറ്റാണ്ട് ഒഴുക്കിയ കണ്ണീര്‍ പ്രാര്‍ഥനകള്‍ സഫലമായതിന്റെ സന്തോഷത്തില്‍. പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉമ്മയെ കാണാനുള്ള ആകാംഷയിലാണ് എഴുപതാം വയസിലെ രണ്ടാംജന്‍മത്തില്‍ സജാദ് തങ്ങളും.