ഉപകരണങ്ങളെല്ലാം എത്തി, എന്നിട്ടും അടഞ്ഞ് ലാബ്; ദുരിതം തീരാതെ നിരണം

നിരണം പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് പുതിയ കെട്ടിടം വന്നിട്ടും ദുരിതം തീരുന്നില്ല. ഉപകരണങ്ങളെല്ലാം എത്തിയിട്ടും ലാബ് അടഞ്ഞു കിടക്കുന്നു. പരിസരത്തെ വെള്ളക്കെട്ടാണ് മറ്റൊരു പ്രതിസന്ധി.

പ്രതീക്ഷയോടെ കാത്തിരുന്ന് പുതിയ കെട്ടിടം കിട്ടിയിട്ട് എട്ടുമാസം കഴിഞ്ഞു. ലബോറട്ടറിക്കുള്ള ഉപകരണങ്ങള്‍ വാങ്ങി. പക്ഷേ തുടങ്ങാനായിട്ടില്ല. ആശുപത്രി വികസന സമിതി കൂടി ലാബ് പരിശോധനകളുടെ നിരക്ക് തീരുമാനിക്കാത്തതാണ് കാരണം. സ്വകാര്യ ആശുപത്രിയോ ലാബുകളോ ഇല്ലാത്ത നിരണം പഞ്ചായത്തിലെ ദുരിതമാണിത്. പരിശോധന നടത്തണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് തിരുവല്ലയിലോ ഹരിപ്പാട്ടോ മാന്നാറോ പോകേണ്ടിവരും. നിയമിച്ച ലാബ് ടെക്നീഷ്യന്‍ മാരെയെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റി. വഴിയിലും പരിസരത്തും വെള്ളക്കെട്ടാണ്. കുത്തിവയ്പിനെത്തുന്ന ആള്‍ക്കാര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ല.‌ വാഗ്ദാനം ചെയ്ത ഫാര്‍മസി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും നടപ്പാവുന്നില്ല.

ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ഒരു വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കൂടിയിട്ടുള്ളു. പഞ്ചായത്തിന്‍റെ ഉത്തരവാദിത്തമില്ലായ്മയാണ് വിലയേറിയ ഉപകരണങ്ങള്‍ അടക്കം നശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്.