ഉത്തരക്കടലാസ് കാണാതാകലിന് പിന്നില്‍ ആഭ്യന്തര കലഹം?; മുറുകി വിവാദം

കാലടി സംസ്കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതാകലിന് പിന്നില്‍ ആഭ്യന്തര കലഹമെന്ന് സൂചന. നിയമന വിവാദമടക്കം പിടിച്ചുലച്ച സര്‍വകലാശാലയില്‍ ഉന്നതരുടെ അറിവോടെയാണ് ഉത്തരക്കടലാസുകള്‍ കാണാതായതെന്ന് അധ്യാപക സംഘടനയും ആരോപിക്കുന്നു. വിവാദം മുറുകിയതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാവിഭാഗത്തിലെ അലമാരിയില്‍ എത്തിച്ചുവെന്നാണ് അധ്യാപകരുടെ നിഗമനം.

കാലടി സംസ്കൃത സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള പരീക്ഷാ വിഭാഗത്തില്‍നിന്നാണ് കാണാതായ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. ഡപ്യൂട്ടി റജിസ്ട്രാറുടെ അലമാരിയിലായിരുന്നു ഉത്തരക്കടലാസുകള്‍. തുറന്നിട്ട ഏതെങ്കിലും ഒരു മുറിയില്‍ കയറിപ്പോകുന്നതുപോലെ അത്ര എളുപ്പത്തില്‍ ആര്‍ക്കും കയറിച്ചെല്ലാവുന്ന സ്ഥലമല്ലിത്. ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ അലമാരിയുടെ താക്കോല്‍ വൈസ് ചാന്‍സിലറുടെയും, പ്രോവൈസ് ചാന്‍സിലറുടെയും, പി.ജി കോഴ്സുകളുടെ പരീക്ഷാ ചുമതലയുള്ള സെക്ഷന്‍ ഓഫിസറുടെയും കൈവശം മാത്രമാണ് ഉള്ളതെന്നാണ് വിവരം. ഇവരില്‍ ആരെങ്കിലും അറിയാതെ ഉത്തരക്കടലാസുകള്‍ പുറത്തുനിന്ന് ഒരാള്‍ക്ക് അവിടെ വയ്ക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഗുരുതരമായ പ്രതിസന്ധി ഉണ്ടായിട്ടും അലമാര തുറന്ന് നോക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ടായില്ല. നിയമന വിവാദത്തിലും, സംസ്കൃത സാഹിത്യം വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ വിഷയത്തിലും ഡോ. കെ.എം.സംഗമേശന്‍ വി.സിയെ വിമര്‍ശിച്ചിരുന്നു. ഇടതുപക്ഷ അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ പ്രസിഡന്റായ ഡോ. കെ.എം.സംഗമേശനെതിരെ ഗൂഢാലോചന നടന്നുവെന്ന് സംഘടനയും ആരോപിക്കുന്നു.

നാക്ക് അക്രഡിറ്റേഷന്‍ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഒരുഭാഗത്ത് പുരോഗമിക്കുന്നതിനിടെയാണ്  സര്‍വകലാശാലയ്ക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിരിക്കുന്നത്.