ഒരു വശം കൊക്ക; കാർ പോസ്റ്റ് തകർത്തു; 11 കെവി ലൈൻ പൊട്ടി വീണു; അദ്ഭുതരക്ഷ

നെടുങ്കണ്ടം: നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ 11 കെവി ലൈൻ സംസ്ഥാന പാതയിലേക്ക് പൊട്ടിവീണു. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുമളി മൂന്നാർ സംസ്ഥാന പാതയിൽ കൽകൂന്തൽ ടൗണിനു സമീപമാണ് അപകടമുണ്ടായത്. മഴയ്ക്കിടെ കാറിന്റെ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വൈദ്യുത പോസ്റ്റ് റോഡിലേക്ക് വീണു. 11 കെവി വൈദ്യുത ലൈനുകളും റോഡിലേക്ക് പൊട്ടിവീണു. മണിക്കൂറുകളോളം മേഖലയിൽ വൈദ്യുത തടസ്സമുണ്ടായി. വൈദ്യുത ലൈൻ പൊട്ടി വീണതറിയാതെ എത്തിയ ഇരുചക്രവാഹനവും അപകടത്തിൽപെട്ടു. ലൈനുകൾ റോഡിൽ പതിച്ചപ്പോൾ തന്നെ കെഎസ്ഇബി മേഖലയിലേക്കുള്ള വൈദ്യുത ബന്ധം പൂർണമായി വിഛേദിച്ചു. റോഡിനു ഒരു വശം 200 അടി താഴ്ചയുള്ള കൊക്കയാണ്. വാഹനം പോസ്റ്റിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.

കെഎസ്ഇബി ഉദ്യോഗസ്ഥരും നെടുങ്കണ്ടം ഫയർഫോഴ്സും എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്. തകർന്ന പോസ്റ്റും പൊട്ടിവീണ വൈദ്യുത ലൈനുകളും നീക്കി തകരാർ പരിഹരിക്കാൻ കെഎസ്ഇബി രാത്രി വൈകിയും ശ്രമം തുടരുകയാണ്. ജോലിക്കു ശേഷം ഉടുമ്പൻചോലയിൽ നിന്നു നെടുങ്കണ്ടത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.