ബെഹ്റയുടെ പിൻഗാമിയാര്? പുതിയ പൊലീസ് മേധാവിയെ തേടി സര്‍ക്കാർ

കേരളത്തിലെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമപട്ടിക നാളെ അറിയാം.  സംസ്ഥാനം നല്‍കിയ പട്ടിക പരിശോധിക്കാനുള്ള യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്റെ യോഗം ഡല്‍ഹിയില്‍ നടക്കും. അട്ടിമറികള്‍ ഉണ്ടായില്ലങ്കില്‍ അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ്കുമാര്‍ എന്നിവര്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കും.

ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയ്ക്കായുള്ള നിര്‍ണായകയോഗമാണ് നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡെല്‍ഹിയില്‍ ചേരുന്നത്. യു.പി.എസ്.സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ഏജന്‍സികളിലൊന്നിന്റെ പ്രതിനിധി എന്നിവര്‍ക്കൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പങ്കെടുക്കും. കേരളത്തിന്റെ പട്ടികയില്‍ നിന്ന് മൂന്ന് പേരുടെ അന്തിമ പട്ടിക തയാറാക്കുകയാണ് യോഗത്തിന്റെ ചുമതല. 12 പേരുടെ പട്ടികയാണ് കേരളം നല്‍കിയതെങ്കിലും 30 വര്‍ഷം സര്‍വീസ് കാലാവധി തികയാത്തതിനാല്‍ മൂന്ന് പേരെ ആദ്യം തന്നെ ഒഴിവാക്കിയിരുന്നു. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ്കുമാര്‍, ബി. സന്ധ്യ, അനില്‍കാന്ത്, നിതിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്‍, കെ.പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരാണ് പട്ടികയിലുള്ളത്. 

സീനിയോരിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ പട്ടികയില്‍ ഇടംപിടിക്കും. തൊട്ടുപിന്നിലുള്ള തച്ചങ്കരിക്ക് വെല്ലുവിളി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതാണ്. മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസും അച്ചടക്ക നടപടി നേരിട്ടതും മൂന്നാം സ്ഥാനത്തുള്ള സുദേഷ്കുമാറിനും ഭീഷണിയാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് ഇരുവര്‍ക്കും ആശ്വാസമായേക്കും. അങ്ങിനെയെങ്കില്‍ അരുണ്‍ കുമാര്‍, തച്ചങ്കരി, സുദേഷ്കുമാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടും. ഇവരെ ഒഴിവാക്കിയാല്‍ ബി. സന്ധ്യ, അനില്‍കാന്ത് തുടങ്ങിയവരിലേക്ക് പട്ടിക നീളും. 30നാണ് ബെഹ്റ വിരമിക്കുന്നത്. അതിന് മുന്‍പുള്ള മന്ത്രിസഭായോഗം കേന്ദ്രപട്ടികയില്‍ നിന്നൊരാളെ മേധാവിയായി നിശ്ചയിക്കും. .