സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം; ഇ.ഡിയ്ക്കു ബദലോ ?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പൊലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുന്നു. ഓണ്‍ലൈനിലടക്കം സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചത് കണക്കിലെടുത്താണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള വിഭാഗത്തിലേക്ക് എസ്.പിമാരടക്കം 34 തസ്തികകള്‍ ഇതിനായി സൃഷ്ടിച്ചു. അതേസമയം സംസ്ഥാനത്തേക്ക് കടന്നുകയറുന്ന ഇ.ഡി അന്വേഷണങ്ങള്‍ക്ക് തടയിടാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. 

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ സര്‍വസാധാരണമായി. അതാത് പൊലീസ് സ്റ്റേഷനിലോ സൈബര്‍ വിഭാഗമോ ആണ് ഇത്തരം കേസുകള്‍ നിലവില്‍ അന്വേഷിക്കുന്നത്. പലകാരണങ്ങള്‍കൊണ്ടും പ്രതികള്‍ പിടിക്കപ്പെടുകയോ തട്ടിയെടുത്ത പണം തിരികെ ലഭിക്കാറോയില്ല. ഇതോടൊപ്പം തന്നെ സാധാരണ സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗമെന്ന ആവശ്യം ഡി.ജി.പി മുന്നോട്ട് വച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതും. ക്രൈംബ്രാഞ്ച് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം. സി.ഐ മുതല്‍ ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാവും. ഓരോ ജില്ലയിലും എസ്.പിയുടെയോ ഡിവൈ.എസ്.പിയുടെയോ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കും. 

ഇതിനായി 4 എസ്.പിമാരും  11 ഡിവൈ.എസ്.പിമാരും ഉള്‍പ്പെടെ 34 തസ്തികകള്‍ സൃഷ്ടിച്ചു.  പ്രത്യേക വിഭാഗമാകുന്നതോടെ സമയമെടുത്തും നിയമകുരുക്കുകള്‍ മറികടന്നും അന്വേഷിക്കാനാകുമെന്നതാണ് നേട്ടമായി കാണുന്നത്. അതേസമയം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാതൃകയിലാണ് പുതിയ വിഭാഗമെന്നും സംസ്ഥാനത്തെ കേസുകളിലേക്കുള്ള ഇ.ഡിയുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. മോന്‍സന്‍ കേസിലടക്കം ഇ.ഡി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇ.ഡിയുടെ അധികാരവും പൊലീസിന്റെ അധികാരവും വ്യത്യസ്തമായതിനാല്‍ ഇ.ഡിക്ക് ബദലല്ല പുതിയ വിഭാഗമെന്ന് പൊലീസ് വിശദീകരിക്കുന്നു.