കോവിഡ് പോസിറ്റീവായിട്ടും കട തുറന്നു; വ്യാപാരിയെ പിടികൂടി പൊലീസ്

കോവിഡ് പോസിറ്റീവായിട്ടും പച്ചക്കറിക്കട തുറന്ന വ്യപാരിയെ  പൊലീസ് സഹായത്തോടെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി കുന്നത്ത് അഹമ്മദ്കുട്ടിയെയാണ് കരിപ്പൂരിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അഹമ്മദ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായിട്ടും അഹമ്മദ് കുട്ടി ജനത്തിരക്കുള്ള ടൗണിൽ എത്തുന്നതായും കട തുറക്കുന്നുവെന്നുമുള്ള വിവരത്തെ തുടർന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. അഹമ്മദ് കുട്ടിയെ പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്ത് 108 ആംബുലൻസിലാണ് കരിപ്പൂർ ഹജ് ഹൗസിലെ കോവിഡ് കെയർ സെന്ററിൽ എത്തിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനും രോഗം പകർത്താൻ ബോധപൂർവം ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. ഇതാടെ അഹമ്മദ് കുട്ടി സ്വന്തം നിലക്ക് സ്വകാര്യ സ്ഥാപനത്തിൽ ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ ഫലങ്ങൾ  നെഗറ്റീവായതുകൊണ്ടാണ് കട തുറക്കാനെത്തിയതെന്നാണ് അഹമ്മദ്കുട്ടിയുടേയും സുഹൃത്തുക്കളുടേയും നിലപാട്.