‘ഈ അയ്യായിരത്തിൽ ഞാനില്ലേ..’; ഷാഫിക്കുള്ള പ്രതിഭയുടെ മറുപടി

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തതിന് പിന്നാലെ ട്രോളുമായി സിപിഎം നേതാക്കളും. കായംകുളം എംഎൽഎ പ്രതിഭ ‘ഈ അയ്യായിരത്തിൽ ഞാനില്ലേ..’ എന്നാണ് ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്. മുൻപ് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുമ്പോൾ രണ്ടാം പിണറായി സർക്കാർ 500 പേരേ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിച്ചപ്പോൾ പ്രതിപക്ഷം വിമർശിച്ച് രംഗത്തുവന്നിരുന്നു. 

‘ആ 500 ഞങ്ങളില്ല’ എന്ന് ഷാഫി പറമ്പിൽ പോസ്റ്റിട്ട് വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് പ്രതിഭയുടെ പോസ്റ്റ്. എന്നാൽ അയ്യായിരത്തിന്റെ കണക്ക് എന്താണെന്ന് ചോദിക്കുന്നവരെയും കോൺഗ്രസിന്റെ പരിപാടിയിൽ വിളിക്കാത്തതിന്റെ കരച്ചിലാണോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. 

അതേസമയം ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. ആളെണ്ണവും കൂടുതലെന്ന് പൊലീസ്. കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.താരീഖ് അന്‍വര്‍‌, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങി മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.