ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി

കോവിഡ് ഇപ്പോഴും പടിക്ക് പുറത്താണെങ്കിലും ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് അടച്ച് പൂട്ടി. മൂന്നാറിൽ നിന്നു 40 കിലോമീറ്റർ ദൂരെ കാട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി പട്ടികവർഗ പഞ്ചായത്തിന്റെ ഓഫിസ് ഭരണ സൗകര്യാർഥം ദേവികുളത്താണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ് സ്ഥിരീകരിക്കാത്ത ഇടമലക്കുടി രോഗ പ്രതിരോധത്തിന്റെ മോഡല്‍ തന്നെയാണ് ഇപ്പോഴും. 

സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കോവിഡ് തടയാൻ ഇടമലക്കുടിക്കാർ ഉൗരുകളിൽ സ്വയം പ്രഖ്യാപിത ലോക്‌ഡൗൺ നടപ്പാക്കിയിരുന്നു. പുറത്തു നിന്ന് ആർക്കും പഞ്ചായത്ത് അതിർത്തി കടന്ന് എത്താൻ അനുവാദമില്ല. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ഇവിടുത്തുകാര്‍ പുറത്ത് പോകുന്നതിന് ഉൗരുകൂട്ടം നിശ്ചയിച്ച, ലോക്‌ഡൗണിനു സമാനമായ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥർ അടുത്തയിടെയൊന്നും ഇടമലക്കുടിയിൽ പോയിട്ടില്ല. എന്നാൽ സെക്രട്ടറി ഉൾപ്പെടെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രാഥമിക സമ്പർക്ക പട്ടികയിലായ മറ്റു മുഴുവൻ ജീവനക്കാരും ക്വാറന്റീനിൽ പോയി. ഇതോടെയാണ് ഓഫിസ് അടച്ച് പൂട്ടേണ്ടി വന്നത്. ജീവനക്കാരുടെ ക്വാറന്റീൻ പൂർത്തിയായാൽ ഓഫിസ് തുറന്ന് പ്രവർത്തിക്കുമെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഓഫിസ് തുറക്കാനുള്ള സൗകര്യമൊരുക്കുമെന്നും സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്ത് ഓൺലൈൻ പഠനം വീണ്ടും തുടങ്ങിയപ്പോള്‍ ശരിക്കുമുള്ള പഠനത്തിന് മണി മുഴക്കി ശ്രദ്ധ നേടിയിരുന്നു ഇടമലക്കുടി സ്കൂള്‍.