ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല നിയമം; വിദൂര വിദ്യാഭ്യാസ കോഴ്സുകൾ മുടങ്ങും

ശ്രീനാരായണ ഗുരു ഓപ്പൺ  സർവകലാശാല  നിയമം കാരണം സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ മുടങ്ങുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷം. 

നിയമത്തിൽ ഭേദഗതി ആലോചിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.  പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗത്തിനിടെ മുൻ മന്ത്രി കെ.ടി.ജലീൽ ഇടപെടാൻ ശ്രമിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല നിയമം അനുസരിച്ച് സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാവില്ല. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ശ്രീനാരയണ ഗുരു  സർവകലാശാലയുടെ കോഴ്സുകൾക്ക് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം  ലഭിച്ചില്ലെന്ന് മന്ത്രി ആർ.ബിന്ദു. യു.ജി.സി പോർട്ടൽ തുറന്നിട്ടില്ല. 

 ശ്രീനാരായണ ഗുരു സർവകലാശാലയിലെ വി.സി., പി.വി.സി, റജിസ്ട്രാർ നിയമനങ്ങൾ ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒന്നര ലക്ഷം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ മുൻ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടത് സഭയിൽ ബഹളത്തിനിടയാക്കി.