ഇടപെടൽ തുണയായി; മാണി.സി.കാപ്പനെ ജോയൽ വിളിച്ചു; നന്ദി അറിയിച്ചു

ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയുമായി നിയുക്ത എംഎൽഎ മാണി സി.കാപ്പന് ജോയൽ ജെയിസന്റെ ഫോൺ വിളിയെത്തി. അറബിക്കടലിലെ അപകടത്തിൽ വള്ളിച്ചിറ സ്വദേശി ജോയൽ ജയ്സനെ കാണാതായ വിവരമറിഞ്ഞ മാണി സി.കാപ്പൻ സുഹൃത്തായ ഇന്ത്യൻ നേവിയിലെ സെക്കൻഡ് കമാൻഡന്റായ മാത്യൂസ് ലാത്തറയെ വിവരം ധരിപ്പിച്ചു.

ഇദ്ദേഹമാണ് ജോയൽ സുരക്ഷിതനായിരിക്കുന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഫോണിലൂടെ വീട്ടുകാരോട് സംസാരിക്കാനും അവസരം നൽകി. ജോയലിന്റെ മാതൃസഹോദരനും മുംബൈ അന്ധേരി ഈസ്റ്റ് ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ ചാപ്ലിനും കൗൺസിലറുമായ ഫാ.ജോമോൻ തട്ടാമറ്റത്തിന് ജോയലിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചതും മാണി സി.കാപ്പന്റെ ഇടപെടലിനെ തുടർന്നായിരുന്നു.