രണ്ടാഴ്ചക്കിടെ 13 പേർക്ക് രോഗം; കോഴിക്കോട് ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി

കോഴിക്കോട് മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.

മണിയൂര്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെയാണ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. പതിനെട്ടാം വാര്‍ഡില്‍ മാത്രം 11 പേര്‍ക്ക് രോഗം വന്നു. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരുമെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവരുടെ ജോലി ഭാരം ഇരട്ടിയായി

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണം, ഫോഗിങ്, മരുന്ന് തളിക്കല്‍ എന്നിവ നടത്തുന്നുണ്ട്