ക്വാറന്റീനിലായ കുടുംബങ്ങള്‍ക്ക് സൗജന്യസേവനം; മാതൃകയായി കഞ്ഞിക്കുഴി

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ക്വാറന്റീനിലായ കുടുംബങ്ങള്‍ക്ക് സൗജന്യസേവനത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിക്കും. ഗ്രാമപഞ്ചായത്ത് രൂപീകരിച്ച 'ഈസി ഷോപ്പി' പദ്ധതിയുടെ ഭാഗമായാണ് സേവനം. ലോക് ‍ഡൗണ്‍ കൂടി വരുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സഹായമെത്തിക്കുന്ന സേനയായി ഇവര്‍ മാറും.

കച്ചവട സ്ഥാപനങ്ങളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കും. കോവിഡ് രോഗികളുള്ള വീടുകളില്‍ സേവനം സൗജന്യമാണ്. അല്ലാത്ത വീട്ടുകാരില്‍നിന്ന് മിതമായ ചാര്‍ജ് ഈടാക്കും. സേവനസന്നദ്ധരായ യുവാക്കളെയാണ് ഒപ്പം ഈസി ഷോപ്പിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘംതന്നെയുണ്ട്. വിതരണ ശൃംഖലയുടെ ഉദ്ഘാടനം ചേർത്തലയുടെ നിയുക്ത എം.എല്‍.എ നിര്‍വഹിച്ചു

സന്നദ്ധ പ്രവർത്തകർക്ക് പ്രത്യക യൂണിഫോമും തിരിച്ചറിയൽ കാർഡുമുണ്ട്. ഇവർക്കാവശ്യമായ പരിശീലനങ്ങളും പഞ്ചായത്ത് നൽകിക്കഴിഞ്ഞു. നാളെമുതല്‍ ലോക്ഡൗണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുമായി ആലോചിച്ച് പദ്ധതി വിപുലീകരിക്കാനാണ് ഗ്രാമപഞ്ചാത്തിന്റെ ആലോചന