ബസില്ല, ടാക്സി വിളിക്കാൻ പണവുമില്ല; കോവിഡ് ഭേദമായ വയോധികന് സ്കൂട്ടറിൽ ദുരിതയാത്ര

തിരുവല്ല ∙ ടാക്സി വിളിക്കാൻ പണമില്ലാത്തതിനാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത പിതാവുമായി മകനും കൊച്ചുമകനും സ്കൂട്ടറിൽ യാത്ര ചെയ്തത് 34 കിലോമീറ്റർ.കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന ചെങ്ങന്നൂർ മുളക്കുഴ കാവേരിക്കുന്നിൽ തങ്കച്ചനെ (79) ഇന്നലെയാണ് ഡിസ്‍ചാർജ് ചെയ്തത്.

രക്തക്കുറവും ശാരീരിക ക്ഷീണവും മൂലം അവശനായിരുന്ന ഇദ്ദേഹത്തെ മകൻ ബാബുവും കൊച്ചുമകൻ ജസ്റ്റിനുമാണ് കൂട്ടാൻ എത്തിയത്. ആശുപത്രിയിൽനിന്ന് കൊച്ചുമകന്റെയൊപ്പം ബസിൽ മടങ്ങാമെന്ന ചിന്തയിലായിരുന്നു ഇവർ. എന്നാൽ ലോക്ഡൗൺ മൂലം ബസ് കിട്ടാതെ വന്നതോടെ ഇവർ വിഷമത്തിലായി.

മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബാബുവിന്റെ കയ്യിൽ 500 രൂപ മാത്രമേ ഉണ്ടായിരുന്നെന്നതിനാൽ ടാക്സിയോ ആംബുലൻസോ വിളിക്കാനും ഇവർക്കായില്ല. തുടർന്നാണ് തങ്കച്ചനെ സ്കൂട്ടറിന്റെ നടുക്കിരുത്തി ഇന്നലെ ഉച്ചയ്ക്കു വീട്ടിലേക്ക് യാത്ര തിരിച്ചത്.പെരുന്തുരുത്തിക്കു സമീപം എത്തിയപ്പോൾ സ്കൂട്ടർ തകരാറിലായി. സമീപത്തെ വർക്‌ഷോപ്പിൽ എത്തിച്ചെങ്കിലും പരിഹരിക്കാനായില്ല.

തുടർന്ന് തങ്കച്ചനെയുമിരുത്തി സ്കൂട്ടർ തള്ളി മറ്റൊരു വർക്‌ഷോപ് തേടി അര കിലോമീറ്റർ സഞ്ചരിച്ചപ്പോളേക്കും മഴ പെയ്തു. അപ്പോൾ അതുവഴിയെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ നിഖിൽരാജ് ഇവരോട് വിവരം തിരക്കുകയും തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി.ബി.ഹരിലാലിനെ വിവരമറിയിക്കുകയും ചെയ്തു. അദ്ദേഹം ഉടൻതന്നെ പൊലീസ് വാഹനം അയച്ച് മൂന്നുപേരെയും വീട്ടിലെത്തിക്കുകയായിരുന്നു.