jsoeph-family

TAGS

തിരുവനന്തപുരം: സങ്കടത്തിന്റെ വേലിയിറക്കം കഴിഞ്ഞ് സന്തോഷത്തിന്റെ വേലിയേറ്റത്തിലായിരുന്നു ഇന്നലെ കേരള അതിർത്തിക്ക് അപ്പുറത്തെ വള്ളവിള ഗ്രാമം. വെളുപ്പിനു ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഭർത്താവ് ജോസഫ് ഫ്രാങ്ക്ളിന്റെ ശബ്ദം കേട്ട ജാൻ മേരി പിന്നീട് ഒരു ഗ്രാമത്തെയാകെ വിളിച്ചുണർത്തി. നാലു ദിവസമായി ഗ്രാമത്തിന്റെയാകെ പ്രാർഥനകൾക്കു മറുപടിയെന്നോണം ഇന്നലെ രാവിലെയാണ് ആശ്വാസവാർത്ത തീരമണഞ്ഞത്.  കപ്പലിടിച്ച് വീൽ ഹൗസ് തകർന്നിട്ടും 3 പേർ കടലിൽ വീണിട്ടും വാർത്താവിനിമയ ഉപാധികളെല്ലാം നഷ്ടപ്പെട്ടിട്ടും ഗ്രാമവാസികളായ ബോട്ട് ലക്ഷദ്വീപിനു സമീപമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും രണ്ട് ദിവസത്തിനകം തിരികെവരുമെന്നമുള്ള വിളിയെത്തിയത് അദ്ഭുതം പോലെ കരുതുകയാണ് ഈ ഗ്രാമം.  

 

വള്ളവിള സ്വദേശി ജോസഫ് ഫ്രാങ്ക്ലിന്റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബോട്ട് തേങ്ങാപട്ടണം ഹാർബറിൽ നിന്നു പണിക്കു പോയിട്ട് 20  ദിവസത്തോളമായി. ബോട്ട് വീൽഹൗസിന്റെ ഭാഗങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയിട്ട് അഞ്ചു ദിവസവും.  24ന് അപകട വിവരം അറിഞ്ഞ മുതൽ ഇടയ്ക്കിടെയുള്ള ഫോൺ വിളികളുടെയും ചർച്ചകളുടെയും നടുവിലായിരുന്നു ഫാ.റിച്ചാർഡ്. അന്നു തന്നെ തമിഴ്നാട് ഫിഷറീസ് വകുപ്പിനെയും മന്ത്രിയെയും ബന്ധപ്പെട്ടു.

 

തിരുവനന്തപുരം അതിരൂപത, ശശി തരൂർ എംപി വഴി കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ സഹായവും തേടി.  തുടർന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടന ഉൾപ്പെടെ വിവിധ സംഘടനകളും നേതാക്കളും രംഗത്തിറങ്ങി.  അടുത്ത ദിവസങ്ങളിൽ നാവികസേനയുടെ വിമാനവും യാനവും വള്ളവിളയിൽ നിന്നുള്ള 9 ബോട്ടുകളും ഗോവയ്ക്കു 600 നോട്ടിക്കൽ മൈലിനു സമീപം തിരച്ചിലിനിറങ്ങിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

 

പതിയെ പ്ര‍തീക്ഷകൾ നഷ്ടപ്പെട്ടു തുടങ്ങി. അതിനിടെ, കണ്ണീർവീണു തുടങ്ങിയ 11 വീടുകളിലും ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യവും സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസും ആശ്വാസവാക്കുകളുമായി എത്തി. ഇന്നലെ ആശ്വാസവിളി എത്തിയപ്പോൾ സഹായിച്ചവർക്കെല്ലാം ഗ്രാമം കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ നന്ദി പറഞ്ഞു. 11 പേരെയും നേരിട്ടു കാണാനുള്ള കാത്തിരിപ്പിലാണ് ഗ്രാമമാകെ. 

 

കപ്പൽ ഇടിക്കുമ്പോൾ മേഴ്സിഡസ് ബോട്ടിൽ ഉണ്ടായിരുന്നവർ ആരും കാബിനിൽ ഇല്ലാതിരുന്നതാണ് ജീവാപായം ഒഴിവാകാൻ കാരണമെന്നു നിഗമനം. വീൽഹൗസ് സ്ഥിതി ചെയ്യുന്ന കാബിനിൽ സാധാരണ ബോട്ട് നിയന്ത്രിക്കേണ്ട ആളാണ് ഉണ്ടാവുക. അർധരാത്രി കഴിഞ്ഞ സമയമായതിനാൽ ബോട്ട് നങ്കൂരമിട്ടു ഒപ്പമുള്ള ചെറുവള്ളങ്ങളിൽ മീൻ പിടിക്കുകയായിരുന്നു 3 പേർ. ഈ സമയത്താണ് കപ്പൽ ഇടിച്ചത്. സാധാരണ ഇത്തരം അപകടങ്ങളിൽ കാബിൻ തകർന്ന് ജീവാപായം ഉണ്ടാകാറുണ്ടെന്നു വർഷങ്ങളായ മത്സ്യമേഖലയിലുള്ളവർ പറയുന്നു.