കോവിഡ് വാക്സീനെടുക്കും മുമ്പ് രക്തദാനം ചെയ്യൂ; സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ

രക്തബാങ്കുകള്‍ പ്രതിസന്ധിയിലാകാതിരിക്കാന്‍ പതിനെട്ടിനും 45 നും ഇടയില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്സീനെടുക്കുന്നതിന് മുമ്പ് രക്തം ദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് കാമ്പയിന്‍ ശക്തമാകുന്നു. വാക്സീനെടുത്ത് 28 ദിവസത്തിന് ശേഷം മാത്രമേ രക്തദാനം നടത്താനാകൂ എന്നത് ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകളും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോണ്‍ സൊസൈറ്റിയും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍ ആരംഭിച്ചു.

നിലവില്‍ രക്തബാങ്കുകള്‍ തടസമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ കോവിഡ് ഭീതി കാരണവും റമസാന്‍ മാസമായതിനാലും രക്തദാതാക്കളുടെ എണ്ണം പലയിടത്തും മൂന്നിലൊന്നായി കുറഞ്ഞു. പതിനെട്ടിനും നാല്‍പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്സീനേഷന്‍ ആരംഭിക്കുമ്പോള്‍ രക്തബാങ്കുകള്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കുമുണ്ട്.

ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകൂ എന്നതാണ് കാരണം. ഇത് തലാസീമിയ പോലുള്ള രോഗമുള്ളവരെ ദുരിതത്തിലാക്കുമെന്ന ആശങ്ക ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ചൂണ്ടിക്കാട്ടിയിരുന്നു. സന്നദ്ധരായവര്‍ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് രക്തം ദാനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോണ്‍ സൊസൈറ്റി കാമ്പയിന്‍ ആരംഭിച്ചു.

വാക്സീന് മുമ്പ് രക്തം ദാനം ചെയ്യണമെന്ന സന്ദേശം സമൂഹ മാധ്യമങ്ങളിലും സന്നദ്ധസംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു.

വിവിധ യുവജനസംഘടനകളും ഇതുമായി ബന്ധപ്പെട്ട് ക്യാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.