വിവാദച്ചൂടിനിടെ മാരാരിക്കുളം അട്ടിമറിക്ക് കാൽനൂറ്റാണ്ട്; കണ്ണ് വീണ്ടും ആലപ്പുഴയിൽ

ആലപ്പുഴ സിപിഎമ്മിൽ പുതിയ വിവാദങ്ങൾ കനക്കുന്നതിനിടെ, വിഎസ് അച്യുതാനന്ദൻ എന്ന വൻ മരത്തെ വീഴ്ത്തിയ മാരാരിക്കുളം അട്ടിമറിക്ക് കാൽനൂറ്റാണ്ട്. വോട്ടെണ്ണലിനു പത്തു നാള്‍ ശേഷിക്കെ ആലപ്പുഴയിലെ ചില മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും ഫലത്തെയും ചൊല്ലി ചർച്ചകളുംവിവാദങ്ങളുംചൂടുപിടിക്കുന്നതിനിടെയാണ് കേരള രാഷ്ട്രീയത്തിലെ വലിയ അട്ടിമറിക്ക് 25 വർഷം തികയുന്നത്.  അമ്പലപ്പുഴയിലും കായംകുളത്തും അടക്കം  വിഭാഗീയതകള്‍ക്കും  പോസ്റ്റർ, പോസ്റ്റ് തർക്കങ്ങള്‍ക്കും ചൂട് കൂടുമ്പോൾ  മാരാരിക്കുളം അട്ടിമറി വീണ്ടും ചർച്ചകളിൽ നിറയുന്നു. 

വിഎസിനെ പരാജയപ്പെടുത്തി ഇടത് കോട്ടയിൽ പിജെ ഫ്രാൻസിസ് നേടിയ വിജയത്തിനാണ് കാൽ നൂറ്റാണ്ട് പിന്നിടുന്നത്. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും അതികായനായ വിഎസ് കഴിഞ്ഞ 30 വർഷത്തിനിടെ  പരാജയപ്പെട്ടത് പി ജെ ഫ്രാൻസിസിനോട് മാത്രം. കോൺഗ്രസ് പ്രവർത്തകര്‍ക്കു പോലും വിജയപ്രതീക്ഷ ഇല്ലാതിരുന്ന ആ അട്ടിമറി കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായതാണ്.

അതേസമയം കേരളത്തിലെ സിപിഎമ്മിൽ വ്യാപകമായി നില നിൽക്കുന്ന തർക്കങ്ങളിലും വിഭാഗീയ ചിന്തകളിലും ഇന്ന് മാറ്റം വന്നെന്ന് ഇടതു നിരീക്ഷകൻ എൻഎം പിയേഴ്സൺ വിലയിരുത്തുന്നു. വിഎസ് പിണറായി തർക്കകാലത്ത് വ്യക്തിപരമായ തർക്കങ്ങളെ പ്രത്യയശാസ്ത്രപരമായി പാർട്ടിതലത്തിലേക്ക് മാറ്റാൻ ഇരുവർക്കും കഴിഞ്ഞിരുന്നു.  പക്ഷേ ഇന്നത്തെ തർക്കത്തിൽ വ്യക്തിപരമായ തർക്കങ്ങളെ പാർട്ടിവിഷയമാക്കി മാറ്റാൻ കഴിയുന്നില്ല. തർക്കങ്ങൾക്ക് വളർച്ചയും വികാസവും ഉണ്ടാവണമെങ്കിൽ അവയെ പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയ വ്യാഖ്യാനം നടത്താൻ കഴിയണം. അതിനു ശേഷിയുള്ള നേതൃത്വം  ഇന്ന് ഇല്ല എന്നതാണ് സ്ഥിതി. ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ നിലനിൽക്കുന്ന വ്യക്തിപരമായ തർക്കങ്ങളും കുടുംബങ്ങളുടെ കുടിപ്പകയും സംസ്ഥാനതലത്തിലെ വിഭാഗീയത ആയി മാറാത്തതിനും കാരണമിതാണ്.- അദ്ദേഹം നിരീക്ഷിച്ചു. 

ഇന്ന് പാർട്ടിയിലെ പ്രശ്നങ്ങൾ പ്രാദേശീയ വിഭാഗീയതകൾ മാത്രമായി നിലനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അമ്പലപ്പുഴയിലും കായംകുളത്തും അട്ടിമറി പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് പിയേഴ്സൺ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. വ്യക്തി കേന്ദ്രീകൃതമായ സംഘങ്ങളാകുന്നത് പാർട്ടിയുടെ ക്ഷയത്തിന് കാരണമാകും. കെട്ടുറപ്പില്ലായ്മ, വിശ്വാസമില്ലായ്മ, കാലുവാരൽ ഭീതി ഉൾപ്പെട പാർട്ടി പ്രവർത്തകർ പര്സ്പരം സംശയിക്കുന്ന രാഷ്ട്രീയമാണ് ഇന്നത്തേത്. ഇപ്പോഴത്തെ എൽഡിഎഫ് ഇടതുപക്ഷമല്ല, ഒരു പ്രത്യേക സംവിധാനമാണ്. ഇന്ന് സിപിഎമ്മില്ല. ഈ തിരഞ്ഞെടുപ്പിൽ ഒരു പക്ഷേ പാർട്ടി അതീജീവിച്ചേക്കാം, പക്ഷേ ഇനിയൊരഞ്ചു വർഷം കഴിയുമ്പോൾ നേതാക്കളുടെയും പാർട്ടിയുടെയും സ്ഥിതി ഇതാകില്ല. 

വി എസ് എന്ന വൻമരത്തെ വീഴ്ത്തിയ മാരാരിക്കുളം മണ്ഡലം ഇന്നില്ല. ആ കാലവും അന്നത്തെ പാർട്ടിയും മാറി. എങ്കിലും മാരാരിക്കുളത്തെ ആ വിഭാഗീയ ഭൂതം ഇന്നും നിലനിൽക്കുകയാണെന്ന് പല സംഭവവികാസങ്ങളും സൂചിപ്പിക്കുന്നു.  ഈ സാഹചര്യത്തിൽ ഒന്നുറപ്പാണ്. തർക്കമണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികൾ വീണാലും വാണാലും വോട്ടു കണക്കുകളും ശതമാനവുമെല്ലാം പാർട്ടിയിൽ ഏറെ നാൾ ഇഴകീറി വിശകലനം ചെയ്യപ്പെടും.