ഫോണ്‍ എടുക്കുന്നില്ല; മെസേജുകൾക്കും മറുപടിയില്ല; ജലീൽ അജ്ഞാതവാസത്തിൽ !

ഫെയ്സ്ബുക് പോസ്റ്റിലൂടെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് രാജിക്കാര്യം വെളിപ്പെടുത്തിയ മന്ത്രി കെ.ടി.ജലീൽ പക്ഷേ, ഇന്നലെ അജ്ഞാതവാസത്തിലായിരുന്നു. മാധ്യമപ്രവർത്തകർ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. മെസേജുകൾക്കും മറുപടിയുണ്ടായില്ല.  

ഔദ്യോഗിക വസതിക്കു മുന്നിൽ 20–ാം നമ്പർ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിരുന്നെങ്കിലും മന്ത്രി അവിടെയുണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കാൻ ഗൺമാൻമാർ ഉൾപ്പെടെ ആരും തയാറായില്ല. മന്ത്രി എവിടെയെന്ന് അറിയില്ലെന്നായിരുന്നു ഫോണിൽ ബന്ധപ്പെട്ടവരോടെല്ലാം മറുപടി.

മുൻപ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎക്കു മുന്നിൽ രഹസ്യമായി ചോദ്യം ചെയ്യലിനു ഹാജരായതു പോലെ, രഹസ്യമായിട്ടായിരുന്നു ഇന്നലെ രാജിനീക്കങ്ങളും. 

ലോകായുക്ത വിധിക്കെതിരെ നൽകിയ റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ മാധ്യമങ്ങൾ രാവിലെ തന്നെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയിരുന്നു. പിഎംജി ജംക്‌ഷനിൽ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിനോടു ചേർന്നാണു ജലീലിന്റെ വസതി. ഒന്നിലേറെ മന്ത്രിമന്ദിരങ്ങളുള്ള ഈ വളപ്പിലേക്കുള്ള പ്രധാന ഗേറ്റിൽത്തന്നെ പൊലീസുകാർ മാധ്യമങ്ങളെ തടഞ്ഞു. 

പതിനൊന്നരയോടെ ഒരു കാറും പൊലീസിന്റെ അകമ്പടിവാഹനവും അതിവേഗം അകത്തേക്കു പോയി. ഉച്ചയ്ക്ക് ഫെയ്സ്ബുക് പോസ്റ്റിലൂടെ രാജി പരസ്യമായപ്പോൾ മാധ്യമങ്ങൾ വീണ്ടും ഔദ്യോഗിക വസതിയിലേക്കു പ്രവേശനം തേടിയെങ്കിലും അനുവദിച്ചില്ല. മന്ത്രി അവിടെയുണ്ടോ എന്നറിഞ്ഞാൽ മതിയെന്നു പറഞ്ഞപ്പോൾ ഗേറ്റിലെ പൊലീസ് തിരക്കാനായി അകത്തേക്കു പോയി. അക്കാര്യം പറയാനാവില്ലെന്ന മറുപടിയുമായാണു മടങ്ങിയെത്തിയത്. അതിനിടെ സമീപത്തെ മാസ്കറ്റ് ഹോട്ടലിൽ മന്ത്രിയുണ്ടെന്ന അഭ്യൂഹം പരന്നു. എന്നാൽ, അവിടെയില്ലെന്നു ഹോട്ടൽ അധികൃതർ അറിയിച്ചു.

സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു സമീപം നേതാക്കൾ താമസിക്കുന്ന പാർട്ടി ഫ്ലാറ്റിലെത്തി ഇന്നലെ രാവിലെ ജലീൽ കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ചു.

ലോകായുക്ത കുരുക്ക് അഴിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിൽ രാജിവയ്ക്കാനുള്ള പാർട്ടി നിർദേശം ജലീലിനു കൈമാറിയത് ഇരുവരുമായിരുന്നു. ഫ്ലാറ്റിൽ നിന്നു മടങ്ങിയ ജലീൽ രാജിക്കത്തു തയാറാക്കി ഗൺമാന്റെ കൈവശമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തുവിട്ടത്.