ഉച്ചവരെ 45 ശതമാനം പോളിങ്; ആദ്യ മണിക്കൂറുകളില്‍ വോട്ടു രേഖപ്പെടുത്തി നേതാക്കൾ

പ്രമുഖ നേതാക്കള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായിയിലെ ആര്‍.സി. അമല സ്കൂളില്‍വോട്ടു ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ മണ്ണാറശാല  യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. 

എ.കെ.ആന്‍റണി തിരുവന്തപുരം ജഗതി സ്കൂളിലും ഉമ്മൻ ചാണ്ടി പുതുപ്പള്ളി ഗ്രിഗോറിയൻ പബ്ളിക് സ്കൂളിലും  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര ചെമ്പോല എല്‍.പി.സ്കൂളില്‍ വോട്ടുചെയ്തു. AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍  ആലപ്പുഴ തിരുവമ്പാടി എച്ച്.എസ്.എസില്‍ വോട്ട് ചെയ്തു.കോടിയേരി ബേസിക് സ്കൂളിലായിരുന്നു കോടിയേരി ബാലകൃഷ്ണന് വോട്ട്.  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ സ്കൂളിലും വോട്ടുചെയ്തു. കേന്ദ്രമന്ത്രി  വി.മുരളീധരന്‍ കഴക്കൂട്ടത്ത് വോട്ട് രേഖപ്പെടുത്തി. 

എ.വിജയരാഘവൻ തൃശൂർ കേരളവർമ കോളജിലും കാനം രാജേന്ദ്രന്‍ കാനം കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലും വോട്ട് ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് സ്കൂളില്‍ വോട്ട് ചെയ്തു. പി.ജെ.ജോസഫ് പുറപ്പുഴ എല്‍.പി.സ്കൂളിലും ജോസ് കെ.മാണി പാല സെന്‍റ് തോമസ് സ്കൂളിലും വോട്ടു രേഖപ്പെടുത്തി.