ഒത്തുകളി പിണറായിയെ വീണ്ടും വാഴിക്കാൻ; വിശ്വാസികളോട് കൊടും ചതി; രാഹുൽ ഈശ്വർ

കേരളത്തിൽ വീണ്ടും പിണറായി വിജയൻ അധികാരത്തിൽ വരണമെന്നാണ് തീവ്രവലതുപക്ഷക്കാർ ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ. ബിജെപിയും സിപിഎമ്മ‍ും തമ്മിൽ ‘ഡീൽ’ ആണെന്ന ബാലശങ്കറിന്റെ ആരോപണം ചർച്ചയാകുമ്പോഴാണ് രാഹുലും ഈ ആരോപണത്തെ പിന്തുണയ്ക്കുന്നത്.  പിണറായി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും പിന്നെ സിപിഎമ്മും ബിജെപിയും തമ്മിലാകും പോരാട്ടമെന്നുമാണ് അവർ കണക്കുകൂട്ടുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ട തന്നെയാണ് ഇവിടെയും നിലനിൽക്കുന്നതെന്നും രാഹുൽ ഈശ്വർ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

‘ഇത് കേരളത്തിന് അറിയാവുന്ന കാര്യമാണ്. അത്തരമൊരു ചിന്ത ഉണ്ട്. ഒരിക്കൽ കൂടി പിണറായി വന്നാൽ കോൺഗ്രസ് ഇവിടെ തകരുമെന്നും പിന്നെ അധികാരം പിടിക്കാമെന്നുമാണ് കണക്കുകൂട്ടൽ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇത്തരം ചർച്ചകൾ സജീവാണ്. ഞാനും അതിന് സാക്ഷിയാണ്. പക്ഷേ തുറന്നുപറയാം ഞാൻ ഇതിന് എതിരാണ്. ശബരിമല വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണിത്. പിണറായി തോൽക്കണം എന്ന് തന്നെയാണ് വിശ്വാസികൾ കരുതുന്നത്. അവരുടെ ആ ആഗ്രഹത്തെ വഞ്ചിച്ച് വോട്ട് മറിച്ച് ജയിപ്പിക്കാനാണ് നീക്കമെങ്കിൽ അതിനെ വിശ്വാസവഞ്ചന എന്നാണ് വിളിക്കേണ്ടത്. ചതിക്കുന്നതിന് തുല്യമാണ്. അത്രമാത്രം രോഷം ഈ സർക്കാരിനോട് അയ്യപ്പ വിശ്വാസികൾക്കുണ്ട്.

കടകംപള്ളി സുരേന്ദ്രൻ വോട്ടുപിടിക്കാൻ ഇറങ്ങിയപ്പോഴാണ് യഥാർഥ പൾസ് മനസിലായത്. ഇതോടെ ശബരിമല നിലപാടിൽ അദ്ദേഹം മാപ്പു പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്നാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ. പക്ഷേ പിന്നെ യച്ചൂരി തന്നെ ആ നിലപാട് തള്ളി. കൃത്യമായ ഒരു നിലപാട് മുഖ്യമന്ത്രിയും ഇതുവരെ പറഞ്ഞിട്ടില്ല. എൻഎസ്എസും അക്കാര്യം ആവശ്യപ്പെട്ടിട്ടും. അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ഈ നീക്കങ്ങളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടാണ്.

ഈ ചതിക്ക് കൂടിയാണ് ഇവർ കൂട്ടുനിൽക്കുന്നത് എന്നോർക്കണം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചത് ബിജെപിയും സിപിഎമ്മ‍ും തമ്മിലുള്ള ‘ഡീൽ’ കാരണമാകാമെന്ന് ആർ. ബാലശങ്കർ പറഞ്ഞത് സത്യമാണെങ്കിൽ അതിൽ നിന്നും പിൻമാറണം. ആ ഡീൽ വേണ്ട. അത് വഞ്ചനയാണ്. വിശ്വാസികളെ മാനിക്കണം. എനിക്ക് പറയാൻ ഉള്ളത് രാഷ്ട്രീയമല്ല. ഇവിടുത്തെ വിശ്വാസികളുടെ വികാരമാണ്. വിശ്വാസികളായ ജനങ്ങൾ ഇവരുടെ തന്ത്രത്തിൽ വീഴരുത്. ഈ ചതിക്ക് കൂട്ടുനിൽക്കരുത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ട്. അത് സ്വീകാര്യമാണ്.’ രാഹുൽ ഈശ്വർ പറയുന്നു.