പത്തനംതിട്ടയിൽ സിപിഎം ഒരുമുഴം മുൻപേ; യുഡിഎഫ് തീരുമാനം അ‍ഞ്ചിന്

പത്തനംതിട്ടയില്‍ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരുമുഴം മുൻപേ ഒരുങ്ങി സിപിഎം. യുഡിഎഫ് തീരുമാനത്തിന് അ‍ഞ്ചാം തീയതി വരെ കാക്കണം. എൻഡിഎ തീരുമാനം കെ.സുരേന്ദ്രന്റെ യാത്രയ്ക്കു ശേഷവുമാകും.

ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മൽസരിക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം.

റാന്നിയുടെ കാര്യം പാർട്ടി സംസ്ഥാന സമിതി പിന്നീടു തീരുമാനിക്കും. പേരുകൾ ചർച്ച ചെയ്യാൻ ടി.എം. തോമസ് ഐസക്കിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മറ്റു പേരുകളൊന്നും വന്നില്ല. റാന്നിയുടെ കാര്യം ചർച്ച ചെയ്യേണ്ടെന്ന് ഐസ്ക്ക് പറഞ്ഞെങ്കിലും 3 അംഗങ്ങൾ രാജു ഏബ്രഹാമിന്റെ പേര് നിർദേശിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ചർച്ചയില്ലെന്നു തോമസ് ഐസക് വ്യക്തമാക്കി. പിഎസ്‌സി അംഗം റോഷൻ റോയി മാത്യുവാണ് റാന്നിയിൽ പരിഗണിക്കുന്ന മറ്റൊരു പേര്. യു.ഡി.എഫില്‍ അന്തിമ തീരുമാനം ആയിട്ടില്ല. 

സ്ഥാനാർഥി പേരുകളിൽ അന്തിമ ധാരണയാകുന്നതിനു തടസ്സം നിൽക്കുന്നത് സാമുദായിക സമവാക്യങ്ങളാണ്. 

സംസ്ഥാന അധ്യക്ഷൻ െക.സുരേന്ദ്രൻ നയിക്കുന്ന യാത്രയുടെ ഒരുക്കത്തിലാണ് ബി.ജെ.പി. ബിെജപിയുടെ എ കാറ്റഗറി സീറ്റുകളിൽ ജില്ലയിൽ നിന്ന് 

ആറന്മുളയും കോന്നിയും അടൂരും ഉൾപ്പെട്ടിട്ടുണ്ട്. ആറന്മുളയിൽ വിഐപി സ്ഥാനാർഥിയെഇറക്കാനാണ് നീക്കം.