അമ്മയുടെ ചികിൽസയ്ക്ക് പണം കണ്ടെത്താൻ ചിത്രം വരച്ച് മകൾ; അതിജീവനം

കാന്‍സർ ബാധിതയായ അമ്മയുടെ ചികിൽസ ചെലവുകൾക്കായി ചിത്രങ്ങൾ വരച്ച് വിൽപ്പന നടത്തുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാ‍ര്‍ഥിനി. ചികില്‍സ ചെലവുകള്‍ക്കായി നെട്ടോട്ടമോടുന്ന അച്ഛന് കൈതാങ്ങായാണ് പണം കണ്ടെത്താന്‍ പത്തൊമ്പതുകാരിയായ ഗൗരി സജീവന്‍ ചിത്രംവര തിരഞ്ഞെടുത്തത്.

കാന്‍വാസുകളില്‍ തെളിയുന്നത് വെറും നിറങ്ങള്‍ മാത്രമല്ല. ഗൗരിയുടെ പുതു പ്രതീക്ഷയാണ്. അമ്മയെ വീണ്ടും പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന പ്രതീക്ഷ. മൂന്ന് പെൺമക്കളുടെ പഠന ചെലവുകൾക്കൊപ്പം ജയയുടെ ചികിൽസാ ചെലവുകള്‍ കൊണ്ട് കഷ്ടപ്പെടുന്ന അചഛന് എങ്ങനെയും താങ്ങാകണമെന്ന് ഗൗരി തീരുമാനിച്ചു. ചെറുപ്പത്തില്‍ അമ്മ തന്നെ പഠിപ്പിച്ച ചിത്രം വരയിൽ പരീക്ഷണങ്ങൾ തുടങ്ങി. കാൻവാസിൽ മനോഹര ചിത്രങ്ങള്‍ പിറന്നതോടെ ആവശ്യക്കാർ തേടിയെത്തി. ആയിരത്തോളം ചിത്രങ്ങള്‍ ഇതിനോടകം വിറ്റഴിച്ചു.

ഒരു വർഷം മുന്‍പാണ് ജയയ്ക്ക് കാന്‍സര്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിൽസ. മാസം ഒരു ലക്ഷത്തോളം രൂപയാണ് ചികിൽസാ ചെലവ്. ഇപ്പോൾ ഓരോ മാസവും ചികില്‍സയുടെ ഒരു ഭാഗം ബിക്കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഗൗരിക്ക് കണ്ടെത്താന്‍ കഴിയുന്നുണ്ട്. കൃത്യമായ ചികിൽസയിലൂടെ ജയയുടെ രോഗം പൂർണമായി ഭേദമാകുമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന ഉറപ്പ്. രാപ്പകല്‍ വ്യത്യാസങ്ങളുമില്ലാതെ ഗൗരി ചിത്രങ്ങൾ വീണ്ടും വീണ്ടും വരച്ച് കൂട്ടുകയാണ്, ഈ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കയി, ഈ മകളെയും അമ്മയെയും ഇഷ്ട്ടപെടുന്നവര്‍ക്കായി.