രാപ്പകൽ വ്യത്യാസമില്ല, നാട്ടിൽ ഇറങ്ങി കാട്ടാനയും പുലിയും; ജനകീയ മാർച്ച്

വന്യമൃഗശല്യത്തിന് പരിഹാരം തേടി വയനാട് കൽപറ്റ ഡി എഫ് ഒ ഓഫീസിലേക്ക് ജനകീയ മാർച്ച്. വടുവൻചാൽ മേഖലയിലെ നാട്ടുകാരാണ് ജീവനും സ്വത്തിനും സംരക്ഷണം തേടി മാർച്ച് നടത്തിയത്.

മൂപ്പൈനാട് പഞ്ചായത്തിലെ ചെല്ലങ്കോട്, ചോലാടി, കുട്ടൻ കടവ്, വട്ടചോല തുങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധവുമായെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകളും പുലിയും ഇറങ്ങിയിട്ടും യാതൊരുവിധ നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മീൻമുട്ടി മുതൽ കുട്ടൻകടവ് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗം റെയിൽ ഫെൻസിങ് സ്ഥാപിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.വന്യമൃഗ ആക്രമണമുണ്ടായാൽ കൃത്യസമയത്ത് ധനസഹായം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.