മത്സ്യത്തൊഴിലാളികൾക്കായി ഇടപെടും; ഫിഷറീസ് മന്ത്രാലയത്തിനായി ശ്രമിക്കും: രാഹുൽ

മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽഗാന്ധി. കൊല്ലം തങ്കശേരി കടപ്പുറത്ത് മൽസ്യത്തൊഴിലാളികളുമായി ആശയവിനിമയത്തിനെത്തിയ രാഹുൽ, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല എന്നതിൽ വേദനയുണ്ടെന്ന് പറഞ്ഞു. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും രാഹുൽ പറഞ്ഞു.

  

മൽസൃത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടനുഭവിക്കാൻ കഴിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് താൻ നിങ്ങളെ കാണാനെത്തിയത് എന്ന് വ്യക്തമാക്കിയാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. കഷ്ടപ്പെട്ടിട്ടും അധ്വാനത്തിനനുസരിച്ച് ഗുണം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ലഭിക്കുന്നില്ല. 

യു ഡി എഫിൻ്റെ പ്രകടനപത്രികയിൽ മൽസ്യത്തൊഴിലാളികൾക്കുള്ള പദ്ധതികൾ ഉണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിൽ പറയുന്ന ഒരു വരി പോലും നടപ്പാക്കാതിരിക്കില്ല. കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കാൻ എല്ലാ ഇടപെടലും നടത്തും.

മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച വിവിധ പ്രശ്നങൾക്ക് രാഹുൽ മറുപടി പറഞ്ഞു. പ്രത്യേകം നിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം മൽസ്യത്തൊഴിലാളി പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, ടി.എൻ പ്രതാപൻ തുടങ്ങിയവരടക്കമുള്ള കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.