വാട്സാപ്പിൽ നടിയുടെ സ്റ്റിക്കർ; കലക്ടർ ബ്രോയ്ക്കെതിരെ മാധ്യമപ്രവർത്തക; വിവാദം

കലക്ടർ ബ്രോ എന്നറിയപ്പെടുന്ന കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ പ്രശാന്തിനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക രംഗത്ത്. ആഴക്കടൽ മൽസ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ വാട്സ്ആപ്പിൽ ആക്ഷേപകരമായ രീതിയിലായിരുന്നു പ്രതികരണമെന്നാണ് ആരോപണം. 

പത്ര റിപ്പോർട്ടർ ആണെന്നു പറഞ്ഞാണ് പ്രശാന്തിന‌് ആദ്യം സന്ദേശമയച്ചത്. നടൻ സുനിൽ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കർ അയച്ചായിരുന്നു ആദ്യ മറുപടി. എന്താണു പ്രതികരണം എന്നറിയാൻ മാത്രമാണ് എന്നറിയിച്ചപ്പോൾ നടിയുടെ സ്റ്റിക്കർ അയച്ചാണ് ഉത്തരം നൽകിയത്. എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു ചോദിച്ചപ്പോൾ വീണ്ടും മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കർ മറുപടിയായെത്തി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സർക്കാർ പദവിയിൽ ഇരിക്കുന്ന ആളിൽ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ടെക്സ്റ്റിലൂടെയുള്ള മറുപടിയെത്തിയത്. 

''വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി'' എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. പിന്നാലെ ചില മാധ്യമപ്രവർത്തകരെ ശവംതീനികളുമായി (Scavenger) താരതമ്യപ്പെടുത്തുന്നതിൽ അദ്ഭുതമില്ലെന്ന് വീണ്ടും ഒരു മെസേജ് കൂടിയെത്തി. തുടർന്ന് പത്രസ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആദ്യം അയച്ച സ്റ്റിക്കർ മെസേജുകൾ ഡിലീറ്റും ചെയ്തു. ‘എന്തു നിലവാരം, ശരിക്കും ശവംതീനി’ എന്നായിരുന്നു സംഭവത്തിൽ പ്രതികരണം ആരാഞ്ഞ ‘മനോരമ ഓൺലൈനി’നോട് എൻ. പ്രശാന്ത് പ്രതികരിച്ചത്. 

അതേസമയം സംഭവത്തിൽ എന്ത് തുടർനടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് ആലോചിച്ച് തീരുമാനിക്കുമെന്ന് മാധ്യമപ്രവർത്തക പ്രതികരിച്ചു. അതിനിടെ ഫോൺ തന്റെ കയ്യിലായിരുന്നുവെന്നും സ്റ്റിക്കർ അയച്ചത് താനാണെന്നും പറഞ്ഞതുകൊണ്ട് പ്രശാന്തിന്റെ ഭാര്യ ഫെയ്​സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി.