ടിവി മുതൽ 70 കിലോ കുരുമുളക് വരെ അടിച്ചുമാറ്റി, വാതിൽ പുതിയ പൂട്ടു ഉപയോഗിച്ചു പൂട്ടി മോഷ്ടാവ്

പൂട്ടിക്കിടന്ന വീടുകൾ കേന്ദ്രീകരിച്ചു മോഷണം പതിവാകുന്നു. കുഞ്ചൻ സ്മാരക വായനശാലയ്ക്ക് സമീപത്തെ മേലേടത്ത് മഠത്തിൽ കൃഷ്ണൻ നമ്പ്യാരുടെ വീടിന്റെ വാതിൽ തകർത്താണു മോഷണം നടന്നത്. ടിവി, നിലവിളക്കുകൾ, പൂജാ പാത്രങ്ങൾ, ആറൻമുള കണ്ണാടി, വെള്ളി നാണയങ്ങൾ, നാണയങ്ങൾ, 70 കിലോ കുരുമുളക് എന്നിവ നഷ്ടപ്പെട്ടു.

ആൾ താമസമില്ലാത്ത വീടാണിത്. ഒരു മാസം മുൻപ് വീട്ടുകാർ വന്നു പോയിരുന്നു. ഒരാഴ്ച മുൻപ് ജോലിക്കാരി വൃത്തിയാക്കി പോയതായിരുന്നു.  ജോലിക്കാരി കഴിഞ്ഞ ദിവസം വീട്ടിലെത്തി നോക്കിയപ്പോഴാണു കുരുമുളക് ചാക്കിൽ കെട്ടി വച്ച നിലയിൽ കണ്ടത്. ഇന്നലെ ഗൃഹനാഥൻ എത്തി പരിശോധിച്ചപ്പോഴാണു വാതിൽ പൊളിച്ചത് കണ്ടത്.

വീടിന്റെ പിൻവശത്തെ വാതിൽ മോഷ്ടാവ് പുതിയ പൂട്ടു ഉപയോഗിച്ചു പൂട്ടിയിട്ട നിലയിലായിരുന്നു. ഒറ്റപ്പാലം എഎസ്ഐ ഇ.എ. ഷാജു, സിപിഒ ദീപു എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ലക്കിടിയിൽ നടക്കുന്ന നാലാമത്തെ മോഷണമാണിത്. ലക്കിടി കൂട്ടുപാതയിലും മംഗലത്തും പൂട്ടിയിട്ട വീടുകളിൽ നിന്നു മോഷണം നടന്നിരുന്നു. രണ്ടാഴ്ചകൾക്കു മുൻപ് മംഗലത്ത് വീട്ടിൽ ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നു 2 പവന്റെ മാലയും കവർന്നിരുന്നു.