‘മുഖ്യമന്ത്രിയുടേത് പ്രഹസന നാടകം’; കറുത്ത മാസ്കിട്ട് യുവനേതാക്കൾ

സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്​യു നേതാക്കൾ അടക്കം കറുത്ത മാസ്കിന് വലിയ പ്രാധാന്യം െകാടുക്കുകയാണ്. ട്രോളൻമാരും വിഷയം ഏറ്റെടുത്തതോടെ കറുത്ത മാസ്ക് വൈറലായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു എന്ന ആരോപണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കറുത്ത മാസ്ക് ധരിച്ച് ‘കറുത്ത ഹൃദയചിഹ്നം’ പങ്കിട്ട് ഷാഫി പറമ്പിൽ തന്നെ രംഗത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതീകാത്മക പ്രതിഷേധം കത്തി. കറുത്ത മാസ്കും ചിരിക്കുന്ന കുട്ടികളും എന്ന തലക്കെട്ടോടെ ബൽറാമും രംഗത്തെത്തി. 

‘വടി വാളിന് മുന്നിലൂടെ ഇന്ദ്രനെയും, ചന്ദ്രനെയും പേടിയില്ലാതെ നടന്ന ശ്രീ.പിണറായി വിജയന് മാധ്യമപ്രവർത്തകരും, കറുത്ത മാസ്ക്കും അലർജിയാണത്രേ. പിണറായി വിജയന്റെ വിദ്യാർത്ഥി-യുവജന വിരുദ്ധതയ്ക്കെതിരെ നാളെ  പിണറായി വിജയൻ പങ്കെടുക്കുന്ന, പ്രഹസനനാടകം നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാലയിലേയ്ക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച്. (കറുത്ത മാസ്ക് പിണറായി വിജയന് അലർജിയാണെങ്കിൽ നാളെയും മാസ്ക് കറുത്തതാക്കാം.)’ കെഎസ്​യു നേതാവ് അഭിജിത്തും ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പം കറുപ്പ് മാസ്കിന് എന്താ പ്രശ്നം എന്ന് ചോദിച്ച് ട്രോളൻമാരും രംഗത്തെത്തി.