വചനവിരുന്നിന് ഒരുങ്ങി മാരാമണ്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കര്‍ശന നിയന്ത്രണം

126–ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച മുതല്‍ ഈ മാസം 21 വരെയാണ് പമ്പാ നദീതീരത്ത് മാരാമണ്‍ മണല്‍പ്പുറത്ത് പ്രത്യേക പന്തലില്‍ കണ്‍വെന്‍ഷന്‍ നടക്കുക. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പമ്പാനദീതിരത്തെ മാരാമണ്‍ മണല്‍പ്പുറം വചനവിരുന്നിന് ഒരുങ്ങി. 126–ാമത് മാരാമണ്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മണല്‍പ്പുറത്തേക്കുള്ള താല്‍ക്കാലിക  പാലങ്ങളും ഓലമേഞ്ഞ പന്തലും പൂര്‍ത്തിയായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ.യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.  വിവിധ ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കണ്‍വെന്‍ഷന്‍റെ തല്‍സമയ സംപ്രേഷണവും ഇത്തവണയുണ്ട്.

സംസ്ഥാനസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളും കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളില്‍ പങ്കുചേരുന്നുണ്ട്.ഹരിതചട്ടം പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. പമ്പാനദിയും മണല്‍തിട്ടയും പരിസരങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായി സുവിശേഷ പ്രസംഗസംഘമാണ് മാരാമണ്‍കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.