മാരാമൺ കൺവെൻഷന് തുടക്കമാവുന്നു; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കണ്‍വെന്‍ഷനായി പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ . ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

കോഴഞ്ചേരി പാലത്തിനുതാഴെ പമ്പാ മണപ്പുറത്ത് കണ്‍വെന്‍ഷന്‍ നഗറിലെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള താല്‍ക്കാലിക പാലങ്ങളുടെ നിര്‍മാണം നേരത്തേതന്നെ പൂര്‍ത്തിയായിരുന്നു. പാലത്തിന്‍റെ ഇരുകരകളിലും മണല്‍ചാക്കുകള്‍നിരത്തിക്കഴിഞ്ഞു. പതിവുരീതിയില്‍ ഓലകൊണ്ട് നിര്‍മിച്ച പ്രധാന പന്തലില്‍ അവസാനവട്ട മിനുക്കുപണികളാണ് പുരോഗമിക്കുന്നത്. ശബ്ദസംവിധാനം, വെളിച്ചം, കുടിവെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കിക്കഴിഞ്ഞു. ദൈവശാസ്ത്ര പണ്ഡിതരും, പ്രസിദ്ധ സുവിശേഷ പ്രസംഗകരും പ്രഭാഷണം നടത്തും. പതിവില്‍നിന്ന് വ്യത്യസ്തമായി രാത്രിയിലെ സെഷനുകള്‍ ഇത്തവണ ഉണ്ടാകില്ല.

മാര്‍ത്തോമാ സഭയിലെ സ്ത്രീകളുടെ സംഘടനയായ സുവിശേഷ സേവികാസംഘത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ശനിയാഴ്ച കണ്‍വെന്‍ഷന് മുന്നോടിയായി അതേ പന്തലില്‍ നടക്കും. കണ്‍വെന്‍ഷനെത്തുന്നവര്‍ക്കായി കെ.എസ്.ആര്‍.‌ടി.സി സമീപ ഡിപ്പോകളില്‍നിന്നെല്ലാം പ്രത്യേക സര്‍വീസ് നടത്തും. ആരോഗ്യവകുപ്പിന്‍റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനവും കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.