എകെജി ഒളിവില്‍ കഴിഞ്ഞു; കമ്മ്യൂണിറ്റ്കാർക്ക് ഒളിത്താവളമായ ഇല്ലം: ഓർമ്മയിൽ നമ്പൂതിരി

മലയാള സിനിമയിൽ മുത്തച്ഛൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേർപാട് വേദനയോടെയാണ് സിനിമാ ലോകവും ആരാധകരും ഉൾകൊണ്ടത്. പ്രായത്തെ വെല്ലുന്ന വ്യക്തിപ്രഭാവവും കരുത്തും അദ്ദേഹത്തെ കാണികളുടെ വാത്സല്യമുള്ള മുത്തചഛനാക്കിമാറ്റി. കോവിഡിനെ തോൽപിച്ച് ജീവിതത്തിലേക്ക് എത്തിയെങ്കിലും ആ മടക്കം അധികം നിലനിന്നില്ല.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജീവിതത്തിലും തന്റേതായ മൂല്യബോധങ്ങൾ നിലനിർത്തിയിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം  സിപിഐഎമ്മിനോട് വളരെയധികം ആത്മബന്ധം പുലര്‍ത്തി. കമ്യൂണിസ്റ്റ് ആദർശങ്ങൾ മുറുകെപിടിച്ച അദ്ദേഹം ചെറുപ്പകാലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനായും പ്രവർത്തിച്ചു 

ഇക്കാലഘട്ടത്തിൽ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി അയച്ച കത്തുകള്‍ നിധിപോലെ അദ്ദേഹം സൂക്ഷിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നു. ഇ.കെ നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു അദ്ദേഹത്തിന്.

ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ.സംബന്ധം എന്നിവ പ്രശസ്ത സിനിമകള്‍.

1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു. പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.