ആത്മഹത്യ നടന്നു; എന്നിട്ടും തീരുമാനമാകാതെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ; വീണ്ടും ചർച്ച

തിരുവനന്തപുരം വേളി ഇംഗ്ലിഷ് ഇന്ത്യന്‍ ക്ലേ തുറക്കുന്ന കാര്യത്തില്‍ മന്ത്രിതല ചര്‍ച്ചയിലും തീരുമാനമായില്ല. ഫെബ്രുവരി 24 നു വീണ്ടും ചര്‍ച്ച. കമ്പനിയില്‍ ഒരു തൊഴിലാളി ആത്മഹത്യ ചെയ്യുകയും മറ്റൊരു തൊഴിലാളി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു

മന്ത്രിമാരായ ഇ.പി.ജയരാജന്‍ , ടി.പി.രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ മാനേജുമെന്‍റുമായി ചര്‍ച്ച നടത്തിയത്. 164 ദിവസമായി അടഞ്ഞു കിടക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്കുള്ള ആശ്വാസ ധനമടക്കമായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. ആശ്വാസ ധനം അനുവദിക്കുന്ന കാര്യത്തില്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കാമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ  നിലപാട്. ഫാക്ടറി തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ഫെബ്രുവരി 19 നു ഫാക്ടറി മാനേജ്മെന്‍റ് യോഗം ചേര്‍ന്നശേഷം അറിയിക്കാമെന്നാണ് കമ്പനിയുടെ നിലപാട്.

വേളിയിലെ അടക്കം കേരളത്തിലെ ഫാക്ടറിഉപകരണങ്ങള്‍ ഗുജറാത്തിലേക്ക് കമ്പനി മാറ്റിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഫാക്ടറി തുറക്കാത്തതിന് കാരണമായി മാനേജ്മെന്‍റ് പറയുന്നത്. നേരത്തെ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുപ്രബുലകുമാര്‍ എന്ന തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു തൊഴിലാളി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഫാക്ടറിക്ക് മുന്നില്‍ തൊഴിലാളികള്‍ തീര്‍ത്തതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടമാണ്  മന്ത്രിതല ചര്‍ച്ച വാഗ്ദാനം ചെയ്തത്