ആറ് മാസത്തിനിടെ 32 അപകടങ്ങള്‍; മരണക്കെണിയായി കൂരാച്ചുണ്ട് – കൂട്ടാലിട റോഡ്

നിര്‍മാണം ഇഴയുന്ന കോഴിക്കോട് കൂരാച്ചുണ്ട് –കൂട്ടാലിട റോഡില്‍ അപകടങ്ങള്‍ക്കും കുറവില്ല. ആറ് മാസത്തിനിടെ ചെറുതും വലുതുമായി മുപ്പത്തി രണ്ട് അപകടങ്ങളാണുണ്ടായത്. പലയിടത്തും റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും പരാതിയുണ്ട്. 

റോഡില്‍ നിറയെ കുഴികളെന്ന് മാത്രമല്ല പലയിടത്തും കലുങ്ക് നിര്‍മാണം അപകടക്കെണിയാണ്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചാല്‍ സുരക്ഷിതമെന്ന മട്ടാണ് പൊതുമരാമത്ത് വകുപ്പിന്. ഭാഗികമായി കോണ്‍ക്രീറ്റ് നടന്ന പല സ്ഥലങ്ങളിലും റോഡുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് കുഴികളുണ്ട്. ഈ ഭാഗങ്ങളിലാണ് പതിവായി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. കക്കയം, പെരുവണ്ണാമൂഴി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പ മാര്‍ഗമെന്ന് കരുതി വരുന്നവര്‍ക്ക് റോഡിലെ അപകടസാധ്യത തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. പലരും നാട്ടുകാരുടെ ശ്രദ്ധ കൊണ്ട് മാത്രം ജീവന്‍ തിരിച്ചുകിട്ടിയവരാണ്. 

റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുത്തതില്‍ പിഴവുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കലുങ്ക് നിര്‍മാണത്തിന്റെ രൂപരേഖ പലയിടത്തും കരാറുകാരന്റെ ഇഷ്ടത്തിനനുസരിച്ചാണ്. വളരെ കുറച്ച് തൊഴിലാളികളെ മാത്രം ഉപയോഗിച്ചുള്ള ജോലികള്‍ അടുത്തകാലത്തൊന്നും റോഡ് യാഥാര്‍ഥ്യമാകില്ലെന്നതിന്റെ തെളിവാണ്. ദുരിത യാത്ര തുടര്‍ന്നാല്‍ റോഡ‍് ഉപരോധമുള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം.