മേയറെ തള്ളി സിപിഎം; സംഘപരിവാര്‍ വേദിയില്‍ പങ്കെടുത്തത് ശരിയായില്ല

സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ പരസ്യമായി തള്ളി സിപിഎം. മേയറുടെ നടപടി ശരിയായില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാര്‍ മികച്ചതെന്നും മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം വേദിയില്‍ പ്രസംഗിച്ചിരുന്നു. വിഷയം വിവാദമായപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി മേയര്‍ പ്രതികരിച്ചു. 

ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം നടത്തിയ മാതൃസമ്മേളനത്തിലാണ് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടകയായി എത്തിയത്. കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാര്‍ നല്ലതെന്നും മേയര്‍ പ്രസംഗിച്ചു. വിഷയം കോണ്‍ഗ്രസ് ഉള്‍പ്പടെ ഏറ്റെടുത്ത് വിവാദമായപ്പോള്‍ ആര്‍എസ്എസ് പരിപാടി എന്നല്ല അമ്മമാരുടെ പരിപാടി എന്ന നിലയിലാണ് പങ്കെടുത്തതെന്നും, പാര്‍ട്ടി വിലക്കിയില്ലെന്നും, ഇതിനു മുന്‍പും ബിജെപി വേദികളിലെത്തിയിട്ടുണ്ടെന്നും മേയറുടെ ആദ്യ വിശദീകരണം.

വിശദീകരണത്തോടെ വിവാദം കൂടുതല്‍ കൊഴുത്തു. പ്രതിപക്ഷ നേതാവുള്‍പ്പടെ മേയര്‍ക്കും സിപിഎമ്മിനുമെതിരെ രംഗത്തെത്തി. ഇതിനിടെ ബിജെപി മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. വൈകിയാല്‍ പരുക്ക് ഗുരുതരമാകുമെന്ന് മനസിലാക്കിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വേഗത്തില്‍ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞു. 

മേയര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലയില്‍ നിന്നുള്ള മന്ത്രി മുഹമ്മദ് റിയാസും സൂചന നല്‍കി. വിഷയം വിവാദമായപ്പോള്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായും പാര്‍ട്ടി നടപടി അറിയില്ലെന്നും മേയര്‍ ബീനാ ഫിലപ്പ്. മേയര്‍ക്കെതിരായ സിപിഎം നടപടി ഇരട്ടിനീതിയും പ്രീണനവുമെന്ന് കെ.സുരേന്ദ്രന്‍. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ ഒതുങ്ങില്ല പാര്‍ട്ടി നടപടി എന്നാണ് പുറത്തുവരുന്ന സൂചനകള്‍.