ഗണേഷ്കുമാറിന്റെ പി.എ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് പരാതി; വിഡിയോ

കരിങ്കൊടി കാണിച്ചവരെ കൈയ്യേറ്റം ചെയ്ത് കെ.ബി.ഗണേഷ്കുമാർ എം.എൽ.എയുടെ പി.എയും സംഘവും. എം.എൽ.എയുടെയും പൊലീസിന്റേയും സാനിധ്യത്തിലാണ് പ്രദീപ് കോട്ടാത്തലയും സംഘവും യൂത്ത്കോൺഗ്രസുകാരെ കൈകാര്യം ചെയ്തത്. മർദിച്ചവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. എന്നാല്‍ പ്രദീപ്കുമാര്‍ നിലവില്‍ പഴ്സണല്‍ സ്റ്റാഫില്‍ ഇല്ലെന്ന്എംഎല്‍എയുടെ ഒാഫിസ് വിശദീകരിച്ചു.

പത്തനാപുരം വെട്ടിക്കവലയിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ എയെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസുകാരാണ് പട്ടാപ്പകൽ നടുറോഡിൽ നിന്ന് അടികൊള്ളുന്നത്. കൈകാര്യം ചെയ്യാൻ മുന്നിലുള്ളതാകട്ടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം  ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയും. അനുയായികൾ ഇങ്ങനെ അഴിഞ്ഞാടുമ്പോൾ ഇതിലൊന്നും ഇടപെടാതെ എം.എൽ.എ വാഹനത്തിൽ തന്നെയിരുന്നു.

സ്ഥലത്ത് നിന്നു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത കുന്നിക്കോട് പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കോക്കാട്ടുള്ള ക്ഷീരവികസന സമിതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കോൺഗ്രസുകാരനായ വാർഡ് മെംബറെ ക്ഷണിക്കാത്തിനെതിരെയായിരുന്നു യൂത്ത്കോൺഗ്രസ് പ്രതിഷേധം.