ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുന്നു; കുത്തിവയ്പ് ശനിയാഴ്ച തുടങ്ങും

മേഖലാ കേന്ദ്രങ്ങളില്‍ നിന്ന് ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം തുടങ്ങി. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. ഭയാശങ്കകളില്ലാതെ വാക്സീന്‍ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 

തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ , കൊച്ചിയില്‍ നിന്ന് ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ ,

കോഴിക്കോട് നിന്ന്  കണ്ണൂര്‍ ,  കാസര്‍കോട് , മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും.

ഏറ്റവും കൂടുതല്‍ വാക്സീൻ ലഭിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്ററര്‍ ചെയ്തിട്ടുളള എറണാകുളം ജില്ലക്കാണ് . 73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ 6860 ഡോസ്....3,68,866 ആരോഗ്യപ്രവര്‍ത്തകര്‍  റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വാക്സീന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ആദ്യ ഡോസ് സ്വീകരിച്ചാല്‍ സുരക്ഷിതരായെന്ന് കരുതരുതെന്നും രണ്ടാമത്തെ ഡോസ് എടുക്കുന്നതുവരെ കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി ഒാര്‍മ്മിപ്പിച്ചു. 

ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കോവിഡ് ലക്ഷണങ്ങളുളളവര്‍ എന്നിവരെ ഒഴിവാക്കും.