159 കോടി ചെലവ്; അതിവേഗം നിര്‍മാണം; കൊച്ചിയുടെ ‘വീര്‍പ്പുമുട്ടലി’ന് നാളെ വിരാമം

വൈറ്റില– കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും കിഫ്ബിയുടെ ധനസഹായത്തോടയാണ് രണ്ട് മേല്‍പ്പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

വൈറ്റില–കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കുന്നതോടെ കൊച്ചിയുടെ ഗതാഗതത്തിന്റെ മുഖച്ഛായ മാറും. ഭാരപരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്ഘാനം. രാവിലെ ഒന്‍പതരയ്ക്ക് വൈറ്റില മേല്‍പ്പാലവും പതിനൊന്ന് മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറക്കും. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി. 

2017 ഡിസംബറിലാണ് വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണമാരംഭിച്ചത്. അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളം. നിര്‍മാണച്ചെലവ് 85 കോടി രൂപ. 701 മീറ്ററാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നീളം. എഴുപത്തിനാലര കോടിയാണ് നിര്‍മാണച്ചെലവ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് മേല്‍പ്പാലങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു.