പാലം തുറന്നതിന് പിന്നില്‍ മാഫിയയെന്ന് മന്ത്രി; ആര്‍ക്കും തുറക്കാമോ?

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ കൊച്ചി നഗരത്തിലെ വൈറ്റില മേല്‍പാലത്തില്‍ നടന്ന സംഭവം നാടാകെ വലിയ ചര്‍ച്ചയായി. വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഉദ്ഘാടനം നടക്കാത്ത പാലം അനധികൃതമായി തുറന്നുകൊടുത്തത് എന്നാണ് പൊലീസ് പറയുന്നത്. സംഘടനയുടെ തലവനടക്കം അറസ്റ്റിലായി. വിഫോര്‍ കൊച്ചി പറയുന്നു, അത് ‍ഞങ്ങളല്ല, മര്യാദയില്ലാത്ത അറസ്റ്റുവഴി സംഘടനയെ താറടിക്കുകയാണ് എന്നെല്ലാം. പാലം തുറന്നതില്‍ തെറ്റ് കാണാത്ത റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു, ആര്‍ക്കും തുറന്നുകൊടുക്കാം പാലമെന്ന്. 

കൊച്ചിയിലെ മാഫിയയാണ് പിന്നിലെന്ന് ആരോപിച്ച് മന്ത്രി ജി.സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു, പൊതുമരാമത്ത് വകുപ്പിനോട് കളിക്കേണ്ട. ആര് തുറന്നുകൊടുത്തതായാലും ചോദ്യം, അങ്ങനെ തുറന്നുകൊടുക്കാമോ എന്നതാണ്. പണി തീര്‍ന്നു എന്ന പൊതുജനത്തിന്റെ തോന്നല്‍ മതിയാകുമോ എന്നും ഈ ദിവസങ്ങളില്‍  ഉയര്‍ന്നുകേട്ടു. അപ്പോള്‍ വൈറ്റില പാലത്തില്‍ ആ രാത്രി കണ്ടത് നാടും ഭരണാധികാരികളും ചിന്തിക്കേണ്ട എന്തെങ്കിലും ബാക്കി വയ്ക്കുന്നുണ്ടോ?